
കൊച്ചി : ക്വാറികൾ ജനവാസമേഖലകളിൽ നിന്ന് 50 മീറ്റർ അകലം പാലിക്കണമെന്ന വ്യവസ്ഥയിലെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദൂരപരിധി കൂട്ടിയ നടപടി ക്വാറികളെ പ്രതികൂലമായി ബാധിക്കുമെന്നും തങ്ങളെ കേൾക്കാതെയാണ് ഉത്തരവെന്നുമാരോപിച്ച് ഒരുകൂട്ടം ക്വാറിഉടമകൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി. സംസ്ഥാനസർക്കാരും ഇൗ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് ദൂരപരിധി വർദ്ധിപ്പിച്ച നടപടി റദ്ദാക്കിയത്. എന്നാൽ ബന്ധപ്പെട്ട എതിർകക്ഷികൾക്ക് നോട്ടീസ് നൽകി വാദംകേട്ട് വിഷയം ട്രിബ്യൂണൽ വീണ്ടും തീരുമാനിക്കണമെന്നും വിധിയിൽ പറയുന്നു. ദൂരപരിധി പുതുക്കി നിശ്ചയിച്ചെങ്കിലും നിലവിലുള്ള ക്വാറികൾക്ക് പ്രവർത്തനം തുടരാമെന്ന് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ട്രിബ്യൂണൽ വിഷയം പരിഗണിച്ച് തീർപ്പുണ്ടാക്കും വരെ ഇടക്കാല ഉത്തരവു തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒരു ക്വാറിയുടെ പ്രവർത്തനത്തിനെതിരെ നാട്ടുകാർ നൽകിയ നിവേദനം ഹർജിയായി പരിഗണിച്ചാണ് ട്രിബ്യൂണൽ കഴിഞ്ഞ ജൂലായ് 21ന് ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയത്. ഈ ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ ക്വാറികൾ മിക്കതും പൂട്ടേണ്ടിവരുമെന്നും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു സർക്കാരിന്റെവാദം. ഹരിത ട്രിബ്യൂണലിനു ലഭിക്കുന്ന നിവേദനം ഹർജിയായി പരിഗണിക്കാനാവില്ലെന്ന് ക്വാറിഉടമകൾ വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയത്. എന്നാൽ ഇതിനായി സ്വതന്ത്രപഠനം നടത്തിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. പഠനം ഉണ്ടായില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.
ട്രിബ്യൂണലിന്റെ വിധിവന്ന ജൂലായ് 21ന് സാധുതയുള്ള പെർമിറ്റും പാട്ടവുമുള്ള ക്വാറികൾക്ക് നിലവിലെ സ്ഥിതിയിൽ പ്രവർത്തനം തുടരാമെന്ന് കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്. എന്നാൽ പുതിയ ക്വാറികളുടെ കാര്യത്തിൽ ട്രിബ്യൂണൽ ഉത്തരവു പാലിക്കണമെന്നും പറഞ്ഞിരുന്നു. ഇൗ ഉത്തരവ് ട്രിബ്യൂണലിന്റെ വിധി വരുന്നതുവരെ തുടരും.