എസ്.ആർ. വി സ്‌കൂൾ ആഗോള സംഗമം ഇന്ന് സമാപിക്കും

കൊച്ചി: ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുമെന്ന് ഐ.എസ്.ആർ. മുൻ ചെയർമാനും ദേശീയവിദ്യാഭ്യാസ നയരൂപീകരണ സമിതിയുടെ അദ്ധ്യക്ഷനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ പറഞ്ഞു. എറണാകുളം എസ്.ആർ.വി സ്കൂളിന്റെ ശതോത്തര പ്ലാറ്റിനംജൂബിലിയുടെയും ആഗോള സംഗമത്തിന്റെയും രണ്ടാം ദിനത്തിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് എൻ.ഇ.പി തുടക്കം കുറയ്ക്കുമെന്നും കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് വിദ്യാഭ്യാസ രീതികളും മാറണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വെർച്വൽ മീറ്റിംഗിലൂടെ ചടങ്ങിൽ പങ്കെടുത്തു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആർ.വി എച്ച്.എസ് പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റും കൃഷ്ണ ഹോസ്പിറ്റൽ ചെയർമാനുമായ ഡോ.എ.കെ. സഭാപതി അദ്ധ്യക്ഷത വഹിച്ചു.

പൂർവവിദ്യാർത്ഥി സംഘടനാ ചെയർമാനും ആസാദി ചെയർമാനും ഡയറക്ടറുമായ പ്രൊഫ. ബി.ആർ. അജിത്, എസ്.ആർ.വി ഗ്ലോബൽ മീറ്റ് അസിസ്റ്റന്റ് വൈസ് ചെയർമാൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ മീറ്റിംഗിലൂടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.