swapna-suresh

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്നയും സരിത്തും നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി കസ്റ്റംസ് നൽകിയ അപേക്ഷ നിയമപരമായ പിഴവു ചൂണ്ടിക്കാട്ടി എറണാകുളം അഡി. സി.ജെ.എം കോടതി നിരസിച്ചു. തുടർന്ന് പിഴവു പരിഹരിച്ച് കസ്റ്റംസ് പുതിയ അപേക്ഷനൽകി.

അന്വേഷണ ഉദ്യോഗസ്ഥനു മാത്രമാണ് രഹസ്യമൊഴിയുടെ പകർപ്പിന് അവകാശമുള്ളത്. ഇങ്ങനെ അപേക്ഷ നൽകുന്നതിനു പകരം പ്രോസിക്യൂഷനു വേണ്ടിയാണ് അപേക്ഷനൽകിയത്. ഇൗ നിയമപരമായ പ്രശ്നംചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള കോടതി കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്. സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും തങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സ്വപ്നയും സരിത്തും നൽകിയ അപേക്ഷ കണക്കിലെടുത്താണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തു കേസിലും തുടർന്നുള്ള ഡോളർകടത്തു കേസിലും നിർണായക വഴിത്തിരിവുണ്ടാക്കുമെന്ന് കസ്റ്റംസ് കരുതുന്ന ഇൗ മൊഴികൾ തുടർന്നുള്ള അന്വേഷണത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് അപേക്ഷ നൽകിയത്.