lolitha

ആലുവ: ആലുവയിലെ എൽ.ഡി.എഫിന്റെ കനത്ത തോൽവിയെ തുടർന്ന് പാർട്ടിയിൽ പൊട്ടിത്തെറി തുടരുന്നു. സി.പി.എം പ്രദേശിക നേതൃത്വത്തിനെതിരെ സ്ഥാനാർത്ഥികൾ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ മുൻ കൗൺസിലറും ലോക്കൽ കമ്മിറ്റിയംഗവുമായ ലോലിത ശിവദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അതേസമയം, കനത്ത തോൽവിയുടെ ഉത്തരവാദികളായ ലോക്കൽ കമ്മിറ്റിയെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് പുറത്താക്കപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ലോലിത ശിവദാസൻ തിരിച്ചടിച്ചു.

ജനഹിതം മനസിലാക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ലോക്കൽ കമ്മിറ്റിയിലെ പ്രമാണിമാർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകിയതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങൾ സ്വയം രാജിവെയ്ക്കുകയോ ഏരിയ കമ്മിറ്റി പുറത്താക്കുകയോ ചെയ്യണമെന്നും ലോലിത ആവശ്യപ്പെട്ടു. തന്നെ പുറത്താക്കിയെന്ന വാർത്ത മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ലോക്കൽ കമ്മിറ്റിയംഗമായ തന്നെ യോഗം അറിയിക്കുകയോ ആരോപണത്തെ സംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. 'ചില കോക്കസ്' ഏകപക്ഷീയമായി തീരുമാനമെടുത്ത് കള്ളം പ്രചരിപ്പിക്കുകയാണ്.

കളത്തിൽ റോഡ് റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമത്തിൽ സ്ഥാനാർത്ഥികളുടെ കഴിവ് വിലയിരുത്തിയാണ് ആരെ പിന്തുണക്കണമെന്ന് അവർ തീരുമാനിച്ചത്. അസോസിയേഷൻ പിന്തുണ എതിർ സ്ഥാനാർത്ഥിക്ക് അനുകൂലമായതിനാൽ അവർ ജയിച്ചു. അതിന് താൻ ഉത്തരവാദിയല്ല. സ്ഥാനാർത്ഥി നിർണയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും താനും കുടുംബവും മുന്നണി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തത്. സിറ്റിംഗ് കൗൺസിലറായ തന്റെ അഭിപ്രായം പോലും തേടാതെ പാർട്ടി അംഗമല്ലാത്ത ചിലരുടെ അഭിപ്രായത്തിലാണ് വാർഡിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.

2000ൽ വനിത സംവരണ വാർഡിൽ നിന്നും 17 വോട്ടിന് വിജയിച്ച താൻ 2015ൽ ജനറൽ വാർഡായപ്പോൾ ഭൂരിപക്ഷം 60 ആക്കി ഉയർത്തി. ഇക്കുറി വനിത വാർഡായതിനാൽ ഒരു തവണ കൂടി മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാർട്ടി സർക്കുലറുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കി. അതിൽ നീരസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം തന്നെയാണ് നിന്നത്. നഗരത്തിലെ വാർഡുകളിൽ 12,14,17,21 വോട്ടുകൾ വീതമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ജില്ലാ നേതാവിന്റെ വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി 21 വോട്ടുമായി അഞ്ചാം സ്ഥാനത്താണ്. ഇതൊന്നും പരിശോധിക്കാതെ തനിക്കെതിരെ നടപടിയെടുക്കുന്നത് തങ്ങളുടെ വീഴ്ച്ച മറച്ചുവെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനാണെന്നും ലോലിത ശിവദാസ് പറഞ്ഞു.

15ാം വാർഡ് ട്രഷറിയിൽ നിന്ന് മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എസ്. ഷിബില ആറ് വോട്ടിനാണ് കോൺഗ്രസിലെ സാനിയ തോമസിനോട് പരാജയപ്പെട്ടത്. കോൺഗ്രസിന് വോട്ട് ചെയ്യാൻ വാർഡിലെ പാർട്ടിയംഗങ്ങളെ ഉൾപ്പടെയുള്ളവരെ ഫോണിലൂടെയും നേരിട്ടും ലോലിത പ്രേരിപ്പിച്ചതായാണ് സി.പി.എം ആരോപണം.