
കൊച്ചി: മുസിരീസ് ചരിത്ര കേന്ദ്രങ്ങളിലേക്ക് ഇനി ടെൻഷനില്ലാതെ യാത്ര ചെയ്യാം. ഒരോ കേന്ദ്രങ്ങളും മനസിൽ അടയാളപ്പെടുത്തും വിധം വിവരിച്ചുതരാൻ 100 ഗൈഡുകൾ റെഡ്യാണ് ! മുസിരീസ് പൈതൃക പദ്ധതി നടപ്പാക്കുന്ന സ്പൈസ് ടൂറിസത്തിന്റെ ഭാഗമായാണ് 100 ഗൈഡുകളെ നിയമിച്ചിരിക്കുന്നത്. തദ്ദേശീയരായ ബിരുധദാരികളും ഉന്നത സർവീസിൽ നിന്നും വരമിച്ചവരുമാണ് ഗൈഡുകൾ. ടൂറിസം പദ്ധതിയുടെ ഭാഗമായി ഗൈഡുകൾക്കായി കഴിഞ്ഞ മാസം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ നിന്ന് അഭിമുഖം നടത്തി മികവ് തെളിയിച്ചവരെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്.
പ്രത്യേക പരിശീലനം
തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനവും ക്ലാസും നൽകി. മുസിരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട കേന്ദ്രങ്ങളുടെ വിശദവിവരങ്ങളാണ് ഇവരെ പഠിപ്പിച്ചത്. മികച്ച രീതിയിൽ ചരിത്രവും ബന്ധപ്പെട്ട വിഷയങ്ങളും വിവരിച്ച് നൽകാനുള്ള പരിശീലനവും ഗെയ്ഡുകൾക്ക് നൽകിയിട്ടുണ്ട്. നിലവിൽ മുസിരീസ് പൈതൃക പദ്ധതിയുടെ മ്യൂസിയങ്ങളിലും സിനഗോഗുകളിലുമായി 12 ഗൈഡുകളുണ്ട്. ഇവരെ കൂടാതെയാണ് 100 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിന് ഒരു ഗൈഡിനെ അനുവധിക്കും. സംഘങ്ങൾക്ക് മുൻകൂട്ടി ഗെയ്ഡുകളെ ആവശ്യപ്പെടാം.
വരും ഒരു ലക്ഷം കുട്ടികൾ
കൊവിഡ് വ്യാപനം കെട്ടടങ്ങിയാൽ ഒരു ലക്ഷം വിദ്യാർത്ഥികളെ മുസിരീസ് പൈതൃക ഭൂമിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ നാടിന്റെ ചരിത്രപ്രാധാന്യം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ചരിത്രം ഉറങ്ങുന്ന മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള പൈതൃക നടത്തം സർക്കാർ സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ ഉൾപ്പെടെ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. ഇതിനെ പിൻപറ്റിയാണ് വിദ്യാർത്ഥികളെ പൈതൃക കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. വിദ്യാർത്ഥികളുടെ സംഘത്തിലും മുസിരീസ് ഗൈഡുകൾ ഉണ്ടായിരിക്കും.
500 മുതൽ 800 വരെ
ഒരു ദിവസത്തെ യാത്രയിൽ ഗൈഡിനെ കൂടേക്കൂട്ടുന്നതിന് 800 രൂപയാണ് നിരക്ക്. ഉച്ചവരെ 500 രൂപയും. മുസിരീസ് വെബ് സൈറ്റിൽ നിന്നും ഗൈഡുകളെ തിരഞ്ഞെടുക്കാം. അതേസമയം പൈതൃ പദ്ധതി കാണാൻ പ്രത്യേക ടൂർ പാക്കേജും തയ്യാറാക്കിയിട്ടുണ്ട്. 24 പേരടങ്ങിയ സംഘത്തിന് 19,800 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പടെയുള്ള ചെലവുകൾ ഇതിൽപ്പെടും.
ബിരുധദാരികളായ തദ്ദേശീയരെയാണ് ഗൈഡുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ കഴിയുന്നു എന്നതും നേട്ടമായി കാണുന്നു. നിലവിൽ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധിപ്പേർ സമീപിക്കുന്നുണ്ട്.
പി.എം നൗഷാദ്
മാനേജിംഗ് ഡയറ്കടർ
മുസിരീസ് പ്രൊജക്ട് ലിമിറ്റഡ്