poovankozhi-

കോലഞ്ചേരി: പിടയെന്ന് പേര് മാത്രം. വഴിവക്കിൽ വരുന്നതെല്ലാം പൂവന്മാർ ! മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിച്ച് വിറ്റഴിക്കുന്നത് പൂവൻ കുഞ്ഞുങ്ങൾ. കൊവിഡ് കാലത്ത് ചെറുവരുമാനത്തിനായി കഷ്ടപ്പെട്ട് വളർത്തി ഒടുവിൽ കബളിപ്പിക്കപ്പെട്ടത് നിരവധിപ്പേരാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പലരും സമാന അനുഭവസ്ഥരെ കണ്ടെത്തിയത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് മുട്ടക്കോഴികൾക്കുൾപ്പെടെ നല്ലകാലം വന്നത്. ഇത് മുതലാക്കിയാണ് തമിഴ് നാട്ടിലെ ഫാമുകളിൽ നിന്ന് തിരിവ് കുഞ്ഞുങ്ങളെ അമ്പരപ്പിക്കും വിലക്കിഴിവിൽ വിറ്റഴിച്ച് മലയാളികളെ കബളിപ്പിക്കുന്നത്. അമ്പത് ദിവസം പ്രായമായ തമിഴ്‌നാടൻ കോഴികൾ 60, 80 രൂപ നിരക്കിലാണ് വില്പന. ഈ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വീടുകളിലെത്തിക്കുന്ന സ്വകാര്യ ഏജൻസികളുണ്ട്. ഒരു തരത്തിലുള രോഗപ്രതിരോധ മരുന്നുകളും നൽകാതെയാണ് വില്പന. അതിനാൽ നാടൻ കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ ഇവയിൽ ഒരെണ്ണം എത്തിയാൽപ്പോലും രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്​റ്റേ​റ്റ് പൗൾട്രി വികസന കോർപ്പറേഷൻ 100 ശതമാനം ഗാരണ്ടിയോടെ കോഴിക്കുഞ്ഞുങ്ങളെ നല്കുന്നുണ്ട്. ഇവരുടെ കോഴിക്കുഞ്ഞുങ്ങൾക്ക് അത്യുത്പാദനശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. മൃഗസംരക്ഷണ വകുപ്പ് വഴിയാണ് വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് യഥാർത്ഥ വില. വകുപ്പ് വഴി വിതരണം ചെയ്യുമ്പോൾ 50 രൂപ സബ്‌സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും.

.

കെണിയിൽ വീഴുന്നവർ

കോഴി പൂവനോ, പിടയോ എന്ന് ഉറപ്പാക്കാൻ മൂന്നുമാസമെങ്കിലും വളർച്ചയെത്തണം. എന്നാൽ ഫാമുകളിലെ വിദഗ്ദ്ധർക്ക് രണ്ടോ മൂന്നോ ദിവസത്തിനിടെ കോഴിയെ അറിയാനാവും. ഫാമുകളിൽ നിന്ന് പുറന്തള്ളുന്ന പൂവൻ കുഞ്ഞുങ്ങളെ ഏജന്റുമാർ കൂട്ടത്തോടെ കുറഞ്ഞ നിരക്കിൽ വാങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് യഥാർത്ഥ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൂട്ടിക്കലർത്തിയാണ് വില്പന. കുട്ടികളെ ആകർഷിക്കാൻ ചായം പുരട്ടിയും മറ്രുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. അതേസമയം ആറു മാസം വളർത്തിയാലേ പൂവൻമാർ ഇറച്ചിക്കോഴി പ്രായമാകൂ. ഇതിനാൽ ഫാമുകാർ തുടക്കത്തിലേ ഒഴിവാക്കുകയാണ് ചെയ്യുന്നത്. 45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് ഇക്കൂട്ടർക്ക് ഇഷ്ടം. വീട്ടമ്മമാർ നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ എന്ന നിലയിലാണ് മുട്ടക്കോഴി വളർത്തൽ തിരഞ്ഞെടുക്കുന്നത്. ശരിയായി പരിപാലിക്കാൻ സമയവും മനസും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടിയെടുക്കാൻ മുട്ടക്കോഴി വളർത്തലിലൂടെ സാധിക്കും. എന്നാൽ കോഴിക്കുഞ്ഞുങ്ങളെ തിര‌ഞ്ഞെടുക്കലിൽ ശ്രദ്ധവേണം.