ആലുവ: ആലുവയിലെ എൽ.ഡി.എഫിന്റെ കനത്ത തോൽവിയെ തുടർന്ന് സി.പി.എമ്മിൽ പൊട്ടിത്തെറി. സി.പി.എം പ്രദേശിക നേതൃത്വത്തിനെതിരെ സ്ഥാനാർത്ഥികൾ പരസ്യമായി രംഗത്തെത്തിയതോടെ മുൻ കൗൺസിലറും ലോക്കൽ കമ്മിറ്റിയംഗവുമായ ലോലിത ശിവദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി തടിതപ്പാൻ പ്രാദേശിക നേതൃത്വം. അതേസമയം, തോൽവിയുടെ കാരണക്കാരായ ലോക്കൽ കമ്മിറ്റി പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ലോലിത ശിവദാസൻ തിരിച്ചടിച്ചു. ജനഹിതം മനസിലാക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ലോക്കൽ കമ്മിറ്റിയിലെ പ്രമാണിമാർക്കുള്ള തിരിച്ചടിയാണിതെന്നും അവർ പറഞ്ഞു. ലോക്കൽ കമ്മിറ്റിയിലെ 'ചില കോക്കസ്' ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. സിറ്റിംഗ് കൗൺസിലറായ തന്റെ അഭിപ്രായം തേടാതെ പാർട്ടി അംഗമല്ലാത്ത ചിലരുടെ അഭിപ്രായത്തിലാണ് വാർഡിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും താനും കുടുംബവും മുന്നണി സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. 2010ൽ വനിത സംവരണ വാർഡായ 15ൽ 17 വോട്ടിന് വിജയിച്ച താൻ 2015ൽ ജനറൽ വാർഡായപ്പോൾ ഭൂരിപക്ഷം 69 ആക്കി. ഇക്കുറി വനിത വാർഡായതിനാൽ ഒരു തവണ കൂടി മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. നഗരത്തിലെ വാർഡുകളിൽ 12,14,17 വോട്ടുകൾ വീതമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ജില്ലാ നേതാവിന്റെ വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് 17 വോട്ടാണ്. ഇതൊന്നും പരിശോധിക്കാതെ തനിക്കെതിരെ നടപടിയെടുക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനാണെന്നും ലോലിത ശിവദാസ് പറഞ്ഞു.

തന്നെ പുറത്താക്കിയെന്ന വാർത്ത മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ലോക്കൽ കമ്മിറ്റിയംഗമായ തന്നെ യോഗം അറിയിക്കുകയോ ആരോപണത്തെ സംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല.

ലോലിത ശിവദാസൻ

2015ലും ഷിബില പരാജയപ്പെട്ടത്

പ്രാദേശി നേതൃത്വത്തിന്റെ വീഴ്ച്ചയിൽ

ആലുവ: നഗരസഭ 15ാം വാർഡിൽ ആറ് വോട്ടിന് പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എസ്. ഷിബില 2015ൽ 11 -ാം വാർഡിൽ ഒരു വോട്ടിന് പരാജിതയായതും പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന് ആരോപണം പുറത്തായി. ഷിബിലക്കും എതിർ സ്ഥാനാർത്ഥി സൗമ്യ കാട്ടുങ്കലും 159 വോട്ട് നേടി തുല്യനിലയിലായിരുന്നു. ഒരു പോസ്റ്റൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സൗമ്യ വിജയിയാതത്. എന്നാൽ ഷിബിലക്ക് ലഭിച്ച രണ്ട് പോസ്റ്റൽ വോട്ടിൽ ഒന്ന് കൈമോശം വരികയും മറ്റൊന്ന് യഥാസമയം വരണാധികാരിക്ക് കൈമാറാനും പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല.