കോലഞ്ചേരി: കുന്നത്തുനാട്ടിൽ ബി.ജെ.പി.വോട്ടുകളിലും വൻ ചോർച്ച. പല പഞ്ചായത്തുകളിലും പ്രകടനം ദയനീയമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 16,459 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകളിൽ വൻ ചോർച്ച സംഭവിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴക്കുളം പഞ്ചായത്തിൽ രണ്ടംഗങ്ങളെ ലഭിച്ച പാർട്ടിക്ക് ഇക്കുറി പൂതൃക്ക പഞ്ചായത്തിൽ ലഭിച്ച ഏക അംഗത്തിൽ തൃപ്തിയടയേണ്ടി വന്നു. ഐക്കരനാട് , കുന്നത്തുനാട്, മഴുവന്നൂർ അടക്കമുള്ള പഞ്ചായത്തുകളിൽ ഒന്നിലധികം വാർഡുകളിൽ 2015 ൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കിൽ ഇക്കുറി അവിടങ്ങളിലെല്ലാം പ്രകടനം ദയനീയമാണ്. ട്വന്റി20 മുന്നേ​റ്റത്തിൽ ബി.ജെ.പി.വോട്ടുകളും മാറിയതായാണ് വിലയിരുത്തൽ. ട്വന്റി20യുടെ ആസ്ഥാനമായ കിഴക്കമ്പലം പഞ്ചായത്തിൽ ആകെ നേടിയത് അഞ്ഞൂറിൽ താഴെ വോട്ടാണ്. ഇവിടെ ഒരു വാർഡിലും വോട്ട് നൂറ് കടന്നില്ല. രണ്ട് വാർഡുകളിൽ ലഭിച്ചത് ഓരോ വോട്ടുകളാണ്.ഇവിടെ പല വാർഡുകളിലും സ്ഥാനാർത്ഥിയുമുണ്ടായില്ല. പൂതൃക്കയിൽ ഒരംഗത്തെ ലഭിച്ചെങ്കിലും 14 വാർഡുകളിലായി ലഭിച്ചത് 1300 വോട്ടിൽ താഴെയാണ്. ഏ​റ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പുത്തൻകുരിശിലും പല വാർഡുകളിലും സ്ഥാനാർത്ഥിയുണ്ടായില്ല. 18 വാർഡുകളുള്ള ഇവിടെ ആകെ ലഭിച്ചത് നാനൂ​റ്റമ്പത് വോട്ടുകളാണ്. മുൻ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്ന കുന്നത്തുനാട് പഞ്ചായത്തിലും ഇക്കുറി സ്ഥിതി ദയനീയം തന്നെ. രണ്ട് വാർഡുകളിൽ മാത്രമാണ് നൂറ് കടന്നത്. മഴുവന്നൂർ, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് മേഖലയിൽ ആയിരത്തിന് മുകളിൽ വോട്ട് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോൾ മണ്ഡലാടിസ്ഥാനത്തിൽ ഏഴായിരത്തോളം വോട്ടുകളാണ് കുറവാണ് ഉണ്ടായത്. ഗ്രൂപ്പ് പോരിൽ കുരുങ്ങിയാണ് വോട്ടു ചോർന്നതെന്നാണ് പാർട്ടിക്കുള്ളിലെ അടക്കംപറച്ചിൽ. അതേസമയം വാഴക്കുളം പഞ്ചായത്തിൽ വിജയിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായ ആശ്വാസം പാർട്ടിക്കുണ്ട്.