ആലുവ: ശമ്പള പെൻഷൻ പരിഷ്‌കരണ റിപ്പോർട്ട് നടപ്പിലാക്കാൻ സമയമുണ്ടായിട്ടും ഭാഗീകമായി മാത്രമേ ഇത് നടപ്പിലാക്കുകയുള്ളുവെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ജീവനക്കാരോടും പെൻഷൻകാരോടുമുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ആരോപിച്ചു. ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിക്കാൻ പിണറായി സർക്കാർ പഴുതുകൾ ഇടുകയാണ്. പെൻഷൻ കുടിശിക എഴുതി തള്ളാൻ കൊവിഡിനെ കാരണമാക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. സർക്കാർ പരിപാടികൾ നടപ്പിലാക്കുന്നവരാണ് ജീവനക്കാരെന്നും നടപ്പിലാക്കിയവരാണ് പെൻഷൻകാരെന്നുമുള്ള ഓർമ്മ മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും മുരളി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോർജ് പി. അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ത്രിതല തിരഞ്ഞെടുപ്പിൽ വിജയിച്ച 18 കെ.എസ്.എസ്.പി.എ അംഗങ്ങൾക്ക് സ്വീകരണം നൽകും. എ.ടി. റാഫേൽ, കെ.ടി. ദേവസികുട്ടി, ഡി. ചിദംബരം, എം.പി. ഗീവർഗീസ്, കെ.ജി. രാധാകൃഷ്ണൻ, കെ.സി. ജോസ്, ടി.എസ്. രാധാമണി, കെ.ടി. ദേവസികുട്ടി, വി.പി. പൈലി, സി.പി. ആന്റണി തുടങ്ങിയവർ സംസാരിച്ചു.