
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ വിജയിച്ച എൽ.ഡി.എഫിന്റെ ഏക അംഗം നിസാർ ഇബ്രഹിമിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. കാൽ നൂറ്റാണ്ടായി മുസ്ളീം ലീഗ് മാത്രം ജയിച്ചു വരുന്ന പെരിങ്ങാല നോർത്ത് വാർഡിൽ 118 വോട്ടുകൾക്കാണ് നിസാർ വിജയിച്ചത്. ട്വന്റി20 യുടെ സാന്നിദ്ധ്യം കൊണ്ട് ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച വിജയമാണിത്. പഞ്ചായത്തിലാകമാനം ട്വന്റിയിലേക്കുണ്ടായ അടിയൊഴുക്കിൽ യു.ഡി.എഫിൽ നിന്നും വാർഡ് പിടിച്ചെടുത്ത വിജയത്തിന് എൽ.ഡി.എഫിന് ഏറെ അഭിമാനിക്കാം. 2005ൽ പള്ളിക്കര ബ്ളോക്ക് ഡിവിഷനിൽ നിന്ന് വടവുകോട് ബ്ളോക്ക് പഞ്ചായത്തിലേയ്ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് ചുവടു വച്ചത്. പിന്നീട് ഇടതു പക്ഷ സഹയാത്രികനായി. നിലവിൽ കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. ബധിര മൂക സംഘടനയുടെ നാവായി നില്ക്കുന്ന നിസാർ, സംസ്ഥാന ചെയർമാനുമാണ്. കോലഞ്ചേരി ഏരിയ കേരള പ്രവാസി സഹകരണ സംഘം പ്രസിഡന്റുമാണ്.