utharan

കൊച്ചി : അഭയക്കേസിൽ 28 വർഷങ്ങൾക്കുശേഷം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുമ്പോൾ സി.ബി.ഐ അന്വേഷണത്തെ ഇൗ വഴിയിലേക്ക് നയിച്ച മൂന്നു ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടുമാരെക്കുറി​ച്ചും അറി​യേണ്ടതുണ്ട്. വ്യത്യസ്ത കാലങ്ങളിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടുമാരായിരുന്ന കെ.കെ. ഉത്തരൻ, ആന്റണി മൊറൈസ്, പി.ഡി. ശാർങ്‌ഗധരൻ എന്നിവരാണ് ആ ജഡ്ജിമാർ. മൂവരും അഭയക്കേസിൽ ഇടപെട്ടതിങ്ങനെ :

 കെ.കെ. ഉത്തരൻ

അഭയ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി കേസന്വേഷണം അവസാനിപ്പിക്കാൻ 1996 ൽ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിൽ അനുമതി തേടി റിപ്പോർട്ട് നൽകി. അന്ന് സി.ജെ.എമ്മായിരുന്ന കെ.കെ. ഉത്തരൻ റിപ്പോർട്ട് തള്ളി. സി.ബി.ഐ റിപ്പോർട്ടിൽ നിരവധി സംശയങ്ങൾക്ക് ഉത്തരമില്ലെന്നും കേസ് അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു കെ.കെ. ഉത്തരന്റെ നിലപാട്. വീണ്ടും നിഷ്‌പക്ഷമായി അന്വേഷിക്കൂ എന്ന് അദ്ദേഹം നിർദ്ദേശിച്ചു. സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി റിപ്പോർട്ട് നൽകിയാൽ സാധാരണഗതിയിൽ അനുമതി നൽകുന്ന കാലത്തായി​രുന്നു ഈ നി​ലപാട്.

 ആന്റണി മൊറൈസ്

പുനരന്വേഷണത്തിനു പോയ സി.ബി.ഐ ഒന്നരവർഷം കഴിഞ്ഞ് അന്വേഷണം അവസാനിപ്പിക്കാൻ തന്നെ അനുമതി തേടി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ആന്റണി മൊറൈസും അന്തിമ റിപ്പോർട്ട് നിരസിച്ചു. നിർണായകമായ പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെയാണ് സി.ബി.ഐയുടെ റിപ്പോർട്ടെന്ന് വിലയിരുത്തിയ ആന്റണി മൊറൈസ് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ അന്വേഷണം നടത്താൻ ഉത്തരവിട്ടു. അഭയയുടെ മരണം കൊലപാതകമാണെന്ന സംശയവും കോടതി മുന്നോട്ടുവച്ചു. തുടർന്ന് സി.ബി.ഐ അന്വേഷണം വെല്ലുവിളിയായി ഏറ്റെടുത്തതോടെ കഥ മാറി.

 പി.ഡി. ശാർങ്‌ഗധരൻ

അഭയയുടെ മരണം കൊലപാതകമാണെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു. തെളിവുകൾ പൂർണമായും നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു പി​ന്നെ നി​ലപാട്. റിപ്പോർട്ടുമായി 2007 ൽ സി.ബി.ഐ വന്നപ്പോൾ എറണാകുളം സി.ജെ.എം കോടതിയിൽ ജഡ്ജി​ പി.ഡി. ശാർങ്‌ഗധരന്റെ ചോദ്യശരങ്ങൾ നേരിടേണ്ടിവന്നു. ഒളിച്ചുകളി അവസാനിപ്പിച്ചു പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തി​ന്റെ നിർദ്ദേശം. തുടർന്ന് സി.ബി.ഐ വീണ്ടും കളത്തിലിറങ്ങി. ഒടുവിലാണ് പ്രതികൾ അറസ്റ്റിലായത്.