കൊച്ചി: കൊച്ചി നഗരസഭയിൽ ജില്ലാ കളക്ടറുടെ ഭരണകാലത്ത് പൂർത്തിയായത് 31 ജനകീയ പദ്ധതികൾ. റോഡ് നിർമ്മാണം മുതൽ മൊബൈൽ ആപ്ലിക്കേഷൻ വരെ തയ്യാറാക്കി നൽകിയാണ് കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള ഭരണനിർവഹണ സമിതി പടിയിറങ്ങിയത്.

മുൻ കൗൺസിലിന്റെ കാലാവധി പൂർത്തിയായ നവംബർ 12 നാണ് കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള ഭരണ നിർവഹണ സമിതി കോർപ്പറേഷൻ ഭരണം ഏറ്റെടുത്തത്. 40 ദിവസമാണ് കൊച്ചി നഗരസഭയിൽ കളക്ടർ ഭരണസാരദ്ധ്യം ഏറ്റെടുത്തത്. 31 അടിസ്ഥാന സൗകര്യ പദ്ധതികളാണ് പൂർത്തിയാക്കിയത്.
പൂർത്തിയാക്കിയ പദ്ധതികളിൽ ഏറ്റവും പ്രധാനം 61-ാം ഡിവിഷനിലെ ഹോസ്പിറ്റൽ റോഡ് ടാർ ചെയ്തതാണ്. ഡിവിഷൻ 32 ലെ എസ്.എസ്.കെ.എസ് റോഡ്, പോപ്പുലർ റോഡ് എന്നിവിടങ്ങളിലെ അഴുക്കുചാൽ നിർമ്മാണവും ടാറിംഗ് ജോലികളും പൂർത്തിയാക്കി.

ഡിവിഷൻ ഒന്നിലെ സെന്റ് ജോർജ് റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. പള്ളുരുത്തി, ഇടപ്പള്ളി, വൈറ്റില സോണുകളിലെ റോഡുകളുടെ പുനർനിർമ്മാണവും കളക്ടറുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തി. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത റോഡുകളാണ് ഭരണനിർവഹണ സമതി അറ്റകുറ്റപ്പണി നടത്തി നൽകിയത്.

വരുമാനവും വർദ്ധിച്ചു
നഗരസഭാ വരുമാനത്തിലും വർദ്ധനവുണ്ട്. വരുമാന മേഖലയിൽ നികുതിയിനത്തിൽ 4.25 കോടി രൂപയുടെ വരുമാനവും നഗരസഭക്കു ലഭിച്ചു. സ്വത്തു നികുതിയായി 3.47 കോടി രൂപയും, തൊഴിൽ നികുതിയായി 48 ലക്ഷം രൂപയും വാടക ഇനത്തിൽ 29 ലക്ഷം രൂപയുമാണ് നേടിയത്. ഭരണ നിർവഹണത്തിൽ പുതിയ കൗൺസിലിനു വേണ്ടി മൊബൈൽ ആപ്ലിക്കേഷനും തയാറാക്കി നൽകി. ശുചിമുറിമാലിന്യ സംസ്‌കരണം കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും പൂർത്തിയാക്കി.