പെരുമ്പാവൂർ: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കീഴിലുള്ള കുന്നത്തുനാട് താലൂക്ക് ഡിപ്പോ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം. ചുണ്ടക്കുഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് ഡിപ്പോ മാറ്റാനാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റേയും നീക്കം. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം എഴുപതിനായിരം രൂപ പ്രതിമാസം വാടക നൽകി പ്രവർത്തിക്കുന്ന ഗോഡൗൺ മൂന്ന് ലക്ഷം രൂപ വാടകയുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കൂലിത്തർക്കം എന്ന വ്യജേനയാണ് ടൗണിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന ഗോഡൗൺ മാറ്റാൻ ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു. കോൺട്രാക്ടർ കൊടുക്കേണ്ട ഇറക്കുകൂലി കോർപ്പറേഷന്റെ ബാദ്ധ്യതയാക്കി തീർക്കാനാണ് ഉദ്യോഗസ്ഥരും കോൺട്രാക്ടറും ഈ ഒത്തുകളി. ഈ നീക്കം മുപ്പതോളം തൊഴിലാളി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് തൊളിലാളികൾ പറഞ്ഞു.