കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് രൂപം കൊണ്ട വി ഫോർ കൊച്ചിയിലെ സ്ഥാപക നേതാവും അൻപതോളം പ്രവർത്തകരും സംസ്ഥാന കോ ഓർഡിനേറ്റർ പി.സി. സിറിയക്ക് ഉൾപ്പെടെ രാജിവച്ചു.
കോർപ്പറേഷനിൽ മത്സരിക്കുന്നതിന് ആം ആദ്മി പാർട്ടിയിലെ പ്രവർത്തകർ രൂപം നൽകിയ കൂട്ടായ്‌മയായിരുന്നു വി ഫോർ കൊച്ചി. ചില ഭാരവാഹികൾ അധികാര മോഹത്താൽ വി ഫോർ കേരള രൂപീകരിച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിറിയക് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി വികസനം ലക്ഷ്യമാക്കി രൂപം നൽകിയ കൂട്ടായ്മയുടെ ലക്ഷ്യം തകർക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപക അംഗവും എറണാകുളം, തൃക്കാക്കര സോണുകളുടെ കൺട്രോളറുമായ ഫോജി ജോൺ, വനിതാവിഭാഗം കോ ഓർഡിനേറ്റർ ജോസ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേരാണ് കൂട്ടായ്മയിൽ നിന്ന് വേർപിരിഞ്ഞ് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോ ഓർഡിനേറ്റർ ജോസ് ചിറമേലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.