kseb

മൂവാറ്റുപുഴ: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ യു.ജി കേബിൾ സ്ഥാപിക്കുന്ന ജോലികൾ (അണ്ടർ ഗ്രൗണ്ട് കേബിൾ പദ്ധതി) മൂവാറ്റുപുഴയിൽ തുടക്കമായി. മാറാടി സബ്‌സ്റ്റേഷനിൽ നിന്ന് എം.സി റോഡ് വഴി പി.ഒ. ജംഗ്ഷനിലേയ്ക്കും മാറാടി ആരക്കുഴ മൂഴി വഴി പി.ഒ.ജംഗ്ഷനിൽ എത്തിച്ചിരുന്ന രീതിയിലാണ് കേബിളിടുന്നത്. 4.90കോടിതാണ് പദ്ധതി.11 കെവി ലൈനിൽ കേടുപാടുകൾ സംഭവിച്ചാൽ സബ്‌സ്റ്റേഷനിൽ ലൈൻ ഓഫ് ചെയ്യണം. ഇതുമൂലം ഒരു പ്രദേശത്താകെ വൈദ്യുതി മുടങ്ങും. ഇത് ചെറുതും വലുതുമായ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ വ്യാപാരികളടക്കം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മൂവാറ്റുപുഴ ടൗണിലെയും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതേതുടർന്നാണ് യു.ജി കേബിൾ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. യു.ജി കേബിൾ നിർമ്മാണം പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴ ടൗണിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി ക്ഷാമത്തിനും മുടക്കത്തിനും പരിഹാരമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. പദ്ധതിയുടെ നിർമ്മാണം ആരംഭിച്ച ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി.