medi

*ഒരു മാസത്തിനകം ഫീസ് പുനർനിർണയിക്കണം

കൊച്ചി : ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഇൗ വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം കോടതിയുത്തരവുകളും മാനദണ്ഡങ്ങളും പാലിച്ച് ഫീസ് പുനർനിർണയിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

ആറു ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിച്ചിരുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫീസ് നിർണയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം സ്വാശ്രയ കോളേജുകൾ നൽകിയ ഹർജിയിലാണ് വിധി. ഹർജി നൽകിയ കോളേജ് മാനേജ്മെന്റുകളുടെ കാര്യത്തിലാണ് വിധി ബാധകമാവുന്നത്. ജനുവരി 25 നകം ഫീസ് നിർണയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഹർജികൾ ജനുവരി 27 ന് വീണ്ടും പരിഗണിക്കും.

സുപ്രീം കോടതി വഴി

ഹൈക്കോടതിയിലേക്ക്

ഇൗ വർഷത്തെ ഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ നൽകിയ ഹർജികൾ കഴിഞ്ഞ നവംബറിൽ ഹൈക്കോടതി പരിഗണിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ഫീസ് നിശ്ചയിച്ച കമ്മിറ്റിയുടെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് അന്ന് വിമർശിച്ചതുമാണ്.

കോളേജുകൾ അവകാശപ്പെടുന്ന ഫീസ് നൽകേണ്ടി വരുമെന്ന് പ്രവേശന കമ്മിഷണറുടെ വെബ്സൈറ്റിലും ഒാൺലൈൻ പോർട്ടലിലും പ്രസിദ്ധപ്പെടുത്തണമെന്നും കോളേജുകളിൽ നിന്ന് ഫീസ് വിവരം ലഭിച്ചാൽ ഇതും വെബ്സൈറ്റിലൂടെ വിദ്യാർത്ഥികളെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്ന് വിഷയം ഹൈക്കോടതി പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. തുടർന്ന്,വീണ്ടും ഹർജികൾ ഹൈക്കോടതിയിലെത്തി.

ഹൈക്കോടതി

പറയുന്നത്

അപ്പീൽ പരിഗണിക്കുന്ന കോടതിയെന്ന നിലയിൽ ഫീസ് നിർണയിച്ചതു പരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. എല്ലാ സാഹചര്യങ്ങളും മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കോളേജുകൾ സമർപ്പിക്കുന്ന വരവു ചെലവു കണക്കു പരിശോധിച്ചും ജൂബിലി മിഷൻ കേസിലെ ഉത്തരവു പരിഗണിച്ചും കേസിലെ എതിർ കക്ഷികളെ കേട്ടും തീരുമാനമെടുക്കണം. ഇങ്ങനെ ഫീസ് പുനർനിർണയിക്കാൻ ഫീസ് റെഗുലേറ്ററി കമ്മിറ്റിക്ക് ഒരവസരം കൂടി നൽകുന്നു.