
കൊച്ചി: കൊച്ചി - മംഗലാപുരം ദ്രവീകൃത പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ കേരള, കർണാടക മുഖ്യമന്ത്രിമാർ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അനുമതി നൽകിയതായി ഗെയിൽ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ചടങ്ങിന്റെ കൃത്യസമയം നിശ്ചയിച്ചിട്ടില്ല. കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ഡോ.വി. ദേവഗൗഡ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പൈപ്പ്ലൈനിന്റെ തുടക്കമായ കൊച്ചിയിലും അവസാനിക്കുന്ന കർണാടകത്തിലെ മംഗലാപുരത്തും സംസ്ഥാന സർക്കാരുകൾ ചടങ്ങ് സംഘടിപ്പിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ വിവരിക്കുന്ന വീഡിയോ അവതരണം ഉൾപ്പെടെ തയ്യാറാക്കിത്തുടങ്ങി.