
കൊച്ചി: മത്സ്യത്തൊഴിലാളിയാണ് ആലപ്പുഴ പാണാവള്ളി കൈതവളപ്പിൽ ശങ്കരൻകുട്ടി. ഇപ്പോൾ മീൻ പിടിക്കാൻ പോകുമ്പോൾ മറ്റൊരു ചെറുവരുമാനം കൂടിയുണ്ടാക്കും ഇദ്ദേഹം. ഒപ്പം വേമ്പനാട്ട് കായലിന് ശ്വാസവുമേകും. കായലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാണ് ഈ 73കാരൻ ചെറുവരുമാനമുണ്ടാക്കുന്നത്. നാലു ദിവസം കൊണ്ട് 30 കിലോ വരെ പ്ളാസ്റ്റിക് മാലിന്യം ഇദ്ദേഹം ശേഖരിക്കുമ്പോൾ ശ്വാസം ലഭിക്കുന്നത് വേമ്പനാട്ടുകായലിനാണ്.
സുന്ദരമായ വേമ്പനാട്ട് കായൽ കാണാനെത്തുന്നവർ വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യമാണ് ഇദ്ദേഹം ശേഖരിക്കുന്നത്. ആദ്യ കാലങ്ങളിൽ വള്ളത്തിലെ മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുരുങ്ങുന്ന പ്ളാസ്റ്റിക് കുപ്പികൾ കരയിൽ കൊണ്ടുവന്ന് കളയുകയായിരുന്നു പതിവ്. എന്നാൽ ദിനംപ്രതി കായലിൽ ഒഴുകിയെത്തുന്ന കുപ്പികളുടെ എണ്ണം കൂടിയതോടെ ശേഖരിച്ച് ചാക്ക് കെട്ടുകളായി പെരുമ്പളം കവലയിലെ ആക്രിസാധനങ്ങൾ എടുക്കുന്ന കടയിൽ നൽകാൻ തുടങ്ങുകയായിരുന്നു. പായലും പ്ളാസ്റ്റിക് മാലിന്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ് വേമ്പനാട് കായലെന്ന് ശങ്കരൻ പറയുന്നു. നാലുദിവസം കൊണ്ട് 30 കിലോ വരെ ശേഖരിക്കുന്നുണ്ട്. ഇപ്പോൾ ഒരുകിലോയ്ക്ക് 18 രൂപയ്ക്കാണ് കുപ്പികൾ വിൽക്കുന്നത്. മുമ്പ് 30 രൂപ വരെ ലഭിച്ചിരുന്നു. മത്സ്യബന്ധനം മുഖ്യതൊഴിലാണെങ്കിലും കായലിൽ പോളയുടെ ശല്യവും മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും കാരണമാണ് ഇടയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഒരു വരുമാനമാർഗം കൂടിയാണ്. മുമ്പ് മത്സ്യബന്ധനത്തിലൂടെ കുടുംബം കഴിയാനുള്ള വരുമാനം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മത്സ്യബന്ധനത്തിന് പോയാൽ നിത്യച്ചെലവിന് പോലും ലഭിക്കുന്നില്ല. യുവാവായിരിക്കെ മറ്റ് അവസരങ്ങൾ വന്നിരുന്നെങ്കിലും അന്ന് മത്സ്യ ബന്ധനത്തിൽ നിന്ന് നല്ല വരുമാനം കിട്ടിയിരുന്നത് കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.പതിനഞ്ച് വയസ് മുതൽ മത്സ്യബന്ധനം നടത്തുന്ന ശങ്കരന് ഒന്നേ പറയാനുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കാനുള്ളിടമല്ല കായൽ.