cinima

കൊച്ചി: ലോകത്തെ വിറപ്പിച്ച മഹാമാരിക്ക് ശേഷം തീയേറ്ററുകൾ തുറന്ന തമിഴ്നാട്ടിൽ മലയാളി സംവിധായകന്റെ പ്രഥമചിത്രം സൂപ്പർഹിറ്റായി.

എഫ്.- 3 ഫിലിംസിന്റെ ബാനറിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി എസ്. കുമാർ (സുനിൽ കുമാർ) കഥയും സംവിധാനവും നിർവഹിച്ച 'കടത്തൽകാരൻ' ആണ് വമ്പൻ പ്രദർശനവിജയം ജൈത്രയാത്ര തുടരുന്നത്. സിനിമനിരൂപകരുടെ മുക്തകണ്ഠം പ്രശംസനേടിയ സിനിമ റിലീസ് ചെയ്ത നൂറിലധികം തീയേറ്ററുകളിലും നാലാഴ്ചത്തെ പ്രദർശനം വിജയകരമായി പിന്നിട്ടതോടെ അഭിനന്ദനം അറിയിച്ച് ഭാരതിരാജയും രംഗത്ത് വന്നു.

നായികാ-നായകന്മാരും പ്രധാന അഭിനേതാക്കളുമെല്ലാം മലയാളികളാണ്. പതിനാറാം വയസിൽ സംവിധാന സഹായിയായി സിനിമാലോകത്തെത്തിയ തന്റെ ആദ്യത്തെ സ്വതന്ത്ര സംരംഭത്തിന് ഭാരതിരാജയുടെ പ്രശംസലഭിച്ചത് ദേശീയബഹുമതിക്ക് തുല്യമെണെന്ന് സുനിൽകുമാർ പറയുന്നു. സഹസംവിധായകനായാണ് സിനിമ രംഗത്ത് എത്തിയതെങ്കിലും തിരക്കഥയും തനിക്കുവഴങ്ങുമെന്ന് സുനിൽകുമാർ നേരത്തെ തെളിയിച്ചിട്ടുണ്ട്. ഡോൾഫ് എന്ന മലയാളസിനിമയ്ക്കാണ് ആദ്യം തിരക്കഥ എഴുതിയത്. 21 ാം വയസിൽ എഴുതിയ തിരക്കഥയിൽ സൂപ്പർതാരത്തിന്റെ സിനിമ ഇറങ്ങിയെങ്കിലും അതിന്റെ ക്രെഡിറ്റ് നിർമാതാവിന് നൽകേണ്ടിവന്നു.

കള്ളന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പശ്ചാത്തലമാക്കിയാണ് കഥ പുരോഗമിക്കുന്നത്. വിവാഹത്തിന് തലേദിവസം കാമുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽനിന്നിറങ്ങിയ വധു വഴിതെറ്റി സ്വർണക്കടത്തുകാരുടെ വാഹനത്തിൽ ചെന്നുകയറുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇടുക്കിയിലെ വണ്ടന്മേട്, തമിഴ്നാട്ടിലെ കമ്പം, തേനി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് വണ്ടന്മേട്ടിലെ തമിഴ്ഗ്രാമമായ കറുവാക്കുളത്താണ്.

വയനാട് സ്വദേശിയും മലയാളിയുമായ കെവിൻ ആണ് കടത്തൽകാരനിലെ നായകൻ. സ്ത്രീവേഷത്തിലുൾപ്പെടെ രണ്ട് ഗറ്റപ്പുകളിലാണ് കെവിൻ പ്രത്യപ്പെടുന്നത്. ഇതിൽ സ്ത്രീവേഷം ഏറെ ശ്രദ്ധേയവുമാണ്. ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം രേണു സൗന്ദറാണ് നായിക. മുഹമ്മദ് ഹനീഫ, വിനു മാമ്മൂട്, രുഗ്മിണി ബാബു എന്നിവർക്കുപുറമെ പുതുമുഖങ്ങളായ ശ്യാമ, സൂര്യലാൽ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. എസ്. ശ്രീറാം കാമറയും ആർ.സുദർശൻ ചിത്രസംയോജനവും നിർവഹിച്ചു.