
ക്രിസ്‌മസ്- പുതുവത്സര പരിശോധന പൊടിപൊടിക്കുന്നു
കൊച്ചി: ക്രിസ്‌മസ്- പുതുവത്സരാഘോഷങ്ങൾക്ക് വീടുകളിലെ കേക്ക്, വൈൻ എന്നിവ നിർമ്മിക്കുമ്പോൾ ജാഗ്രത വേണം. ലൈസൻസില്ലാതെ വീടുകളിൽ കേക്കും വൈനുമുണ്ടാക്കി വിൽക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. ക്രിസ്മസ് - പുതുവത്സര കാലത്ത് അനധികൃത വില്പന ശക്തമാവുന്നതോടെയാണ് പരിശോധന ശക്തമാക്കുന്നത്.
വ്യാപാരശാലകൾക്ക് പുറമെ വീടുകളിലും പരിശോധനകൾ നടത്താൻ ആരംഭിച്ചു. ക്രിസ്‌മസ് പ്രമാണിച്ചുള്ള പരിശോധനകൾക്കൊപ്പമാണിത്. പ്രത്യേക സ്‌ക്വാഡുകൾ തിരിഞ്ഞാണ് പരിശോധന. രാത്രിയിലടക്കം പരിശോധന നടത്തി വരികയാണ്. ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കാത്ത സ്ഥാപനങ്ങളെ ജില്ലയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. 31 വരെ പരിശോധന തുടരും.
എല്ലാ ഭക്ഷ്യ ഉത്പാദക, വിതരണ, വില്പന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണണമെന്നാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വീടുകളിൽ കേക്ക് നിർമ്മിച്ച് വിൽക്കുന്നവരും ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമായും എടുക്കണമെന്നാണ് ചട്ടം. പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ തന്നെ കേക്ക് നിർമ്മാണം ആരംഭിച്ചവർ ഏറെയാണ്. ആദ്യഘട്ടത്തിൽ ബന്ധുക്കൾക്ക് വിതരണം ചെയ്തിരുന്നവർ വ്യവസായികാടിസ്ഥാനത്തിൽ തുടർന്നതോടെയാണ് നടപടി. കേക്കിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്.
കർശനമായ നടപടികൾ സ്വീകരിക്കും
സീസൺ കണക്കിലെടുത്താണ് പരിശോധന. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിക്കും. പിടിച്ചെടുക്കുന്ന സാമ്പിളുകൾ ലാബിൽ പരിശോധന നടത്തും.
ജേക്കബ് തോമസ്
അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ
എറണാകുളം
ഇവ ശ്രദ്ധിക്കണം
• ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിതരണം, വില്പന എന്നിവയിൽ ശുചിത്വ ശീലങ്ങൾ പാലിക്കണം
• ജീവനക്കാർ കർശനമായ വൃത്തി, ശുചിത്വ ശീലങ്ങളും കൊവിഡ് 19 മാർഗനിർദേശങ്ങളും പാലിക്കണം
• ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം
• മുറിച്ചുവച്ച് വിതരണം ചെയ്യുന്നവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം
• പാക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കർശനമായ ലേബൽ വ്യവസ്ഥകൾ പാലിക്കണം
• സർബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമായ കുടിവെള്ളത്തിൽ ഉണ്ടാക്കിയവ ആയിരിക്കണം
• എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്
• അച്ചടിച്ച പത്രക്കടലാസിൽ ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞുകൊടുക്കരുത്.
• കുപ്പിവെള്ളവും മറ്റു പാനീയങ്ങളും വെയിൽ തട്ടുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല