അങ്കമാലി: കോഴിയെ പിടിക്കാനെത്തിയ കുറുക്കൻ കിണറ്റിൽ വീണ് ചത്തതിനാൽ പൗലോസിനും കുടുംബത്തിന്റേയും കൂടി വെള്ളം മുട്ടി. കറുകുറ്റി പഞ്ചായത്തിൽ പുലിക്കല്ല് പോട്ടച്ചിറയ്ക്ക് സമീപം പള്ളിപ്പാട്ട് പൗലോസ് ആണ് കുറുക്കൻ കാരണം ദുരിതത്തിലായത്.
ഇന്നലെ രാവിലെ അഞ്ചരയോടെ പുറത്തെ അസ്വഭാവിക ശബ്ദം കേട്ട് പേടിച്ച് നോക്കിയപ്പോഴാണ് കിണർ മൂടിയ വലയും തകർത്ത് കിണറിൽ വീണ കുറുക്കൻ മരണത്തോട് മല്ലിടുന്നത് കണ്ടത്. ഉടൻ തന്നെ കിണറിലെ വെള്ളം മോട്ടോർ അടിച്ച വറ്റിക്കാൻ ആരംഭിച്ച പൗലോസ് പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ എത്തിയെങ്കിലും കുറുക്കനെ രക്ഷിക്കാനായില്ല. മരണവെപ്രാളത്തിൽ കുറുക്കൽ പൈപ്പുകൾ കടിച്ച് മുറിച്ച് തകർത്തു. 8 അടിയോളം താഴ്ചയുള്ള കിണറിൽ ഭൂമിയുടെ നിരപ്പു വരെ വെള്ളമുണ്ടായിരുന്നു. അതിരപ്പിള്ളിയിൽ നിന്നും വന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കുറുക്കനെ പുറത്തെടുത്ത് പരിശോധിച്ച് അടുത്തുള്ള കൃഷിയിടത്തിൽ സംസ്കരിച്ചു. പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമാണ്.