
കൊച്ചി : എൻജിനീയറിംഗ് കോഴ്സിലെ വിവാദ മാർക്ക് ദാനം പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് എം. ജി സർവകലാശാല പിൻവലിച്ചതു ഹൈക്കോടതി റദ്ദാക്കി.
സിൻഡിക്കേറ്റ് മോഡറേഷനെന്ന പേരിലുള്ള മാർക്ക് ദാനം റദ്ദാക്കിയതിനാൽ ഇത്തരത്തിൽ ജയിച്ച വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റുകളും എം.ജി സർവകലാശാല പിൻവലിച്ചിരുന്നു. ഇതിനെതിരെ ഒരു പറ്റം എൻജിനീയറിംഗ് ബിരുദധാരികൾ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
2019 മേയ് 17 നാണ് എൻജിനീയറിംഗിൽ ഒരു വിഷയത്തിൽ മാത്രം തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ചു മാർക്ക് സിൻഡിക്കേറ്റ് മോഡറേഷൻ നൽകി ജയിപ്പിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. 116 വിദ്യാർത്ഥികളെ ഇത്തരത്തിൽ ജയിപ്പിച്ചു.എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലേക്ക് എൻജിനീയറിംഗ് കോഴ്സുകൾ കൈമാറുന്നതിനോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സർവകലാശാല വിശദീകരിച്ചു.
പൊതുജനങ്ങളിൽ നിന്ന് എതിർപ്പ് രൂക്ഷമായതോടെ 2019 ഒക്ടോബർ 26 ന് മാർക്ക് ദാനം ചെയ്തതു റദ്ദാക്കി. തുടർന്നാണ് ഇത്തരത്തിൽ ജയിച്ച കുട്ടികളുടെ മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും പിൻവലിച്ചത്. എന്നാൽ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിൽ തങ്ങൾ ജയിച്ചതായി കണക്കാക്കണമെന്നും ഇത്തരമൊരു അവകാശം തങ്ങൾക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിരുദധാരികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മോഡറേഷനിലൂടെ ജയിച്ചവർ എവിടെയെങ്ങനെയെന്ന് നോക്കാതെ പൊതുജനങ്ങളുടെ എതിർപ്പു മൂലം സർവകലാശാലയ്ക്ക് എങ്ങനെ തീരുമാനം മാറ്റാനാവുമെന്ന് സിംഗിൾബെഞ്ച് ചോദിച്ചു.
മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും പിൻവലിക്കാനുള്ള തീരുമാനം ശരിയായി ചിന്തിക്കാതെയാണോയെന്ന് സംശയിക്കുന്നു. മാർക്കും ലിസ്റ്റും സർട്ടിഫിക്കറ്റും പിൻവലിക്കാൻ നിലവിലുള്ള ചട്ടങ്ങളുടെയും മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടിയാണ് വേണ്ടത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡിഗ്രി സർട്ടിഫിക്കറ്റ് പിൻവലിക്കാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നിലവിലെ കേസ് ആ വിഭാഗത്തിലുൾപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹർജിക്കാരുടെ കാര്യത്തിൽ മാർക്ക് ദാനം പിൻവലിച്ച ഉത്തരവിൽ തുടർ നടപടി പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.