പെരുമ്പാവൂർ: ബെഹ്‌റിന്റെ 49 ാം മത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ളവർക്കായി ബെഹ്‌റിൻ വേൾഡ് ട്രേഡ് സെന്റർ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്ക്. പെരുമ്പാവൂർ ഒക്കൽ തോപ്പിൽ വീട്ടിൽ പ്രജു സുരേഷാണ് അവാർഡിന് അർഹനായത്. രണ്ടര ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ഒന്നാം സമ്മാനം. വിവിധ രാജ്യങ്ങളിൽ നിന്നായി വന്ന 300ഓളം എൻട്രികളിൽ നിന്നും 12 ചിത്രങ്ങൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുകയും അവ രണ്ടാഴ്ച നടത്തിയ പ്രദർശനത്തിൽ നിന്നുമാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രജുവിന്റെ 'റിഫ്‌ളക്ഷൻ ഓഫ് ബ്‌ളിസ് 'എന്ന ചിത്രമാണ് സമ്മാനത്തിന് അർഹമായത് 'പ്രജുവിന്റെ ഭാര്യ മധുവിജയ് ബെഹ്‌റിനിലെ ഇൻഡ്യൻ സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ പ്രണവ്, മകൾ പ്രഗതി എന്നിവരടങ്ങുന്ന കുടുംബമാണ് ഫോട്ടോഗ്രാഫിയിൽ പ്രജുവിന് പ്രചോദനം നല്കുന്നത്. ബെഹ്‌റിനിൽ ദീർഘകാലമായി കോസ്റ്റ് അക്കൗണ്ടന്റായി ജോലി നോക്കുന്ന പ്രജു ബെഹ്‌റിൻ ഡോൺ ഷൂട്ടേഴ്‌സ് അഡ്മിൻ അംഗങ്ങളിൽ ഒരാളുമാണ്.