കോലഞ്ചേരി: കോലഞ്ചേരി ടൗണിൽ എത്തുന്നവർ സൂക്ഷിക്കുക, ഇവിടുത്തെ തെരുവ് നായ്ക്കൾ അക്രമകാരികളാണ്. ഇന്നലെ മാത്രം ടൗണിൽ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കറുകിപ്പിള്ളി റോഡിൽ വച്ച് ഒരു ബൈക്ക് യാത്രികനും, രണ്ട് വഴിയാത്രക്കാർക്കുമാണ് കടിയേറ്റത്. കൊവിഡ് നിയന്ത്രണങ്ങളും, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ തെരുവ് നായ്ക്കളുടെ നിയന്ത്രണം അപ്പാടെ തകർന്നതോടെയാണ് കോലഞ്ചേരിയിൽ വിഹാരകേന്ദ്രമായി മാറിയത്. പള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ മൈതാനങ്ങളിലാണ് ഇവയുടെ വിശ്രമ കേന്ദ്രം. ടൗണിൽ നിന്നുള്ള മാലിന്യ നീക്കം നിലച്ചതും, നായ്ക്കൾക്ക് യഥേഷ്ടം ഭക്ഷണം ലഭിക്കാനിടയാക്കി, അതോടൊപ്പം ഇറച്ചിക്കടകളിലെ വേയ്സ്റ്റും ഇവയ്ക്ക് ഭക്ഷണമാണ്. പത്തിലധികം നായ്ക്കളുണ്ട് ടൗണിൽ. ഭക്ഷണം കിട്ടാതാകുമ്പോൾ സമീപത്തെ വീടുകളിൽ നിന്നും വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നുമുണ്ട്.