
കൊച്ചി: കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസ് (36) നിര്യാതനായി. യാത്രയ്ക്കിടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി പത്തരയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പാലക്കാട്ട് അട്ടപ്പാടിയിൽ തിരക്കഥാ രചനയ്ക്കായി താമസിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ പ്രത്യേക ആംബുലൻസിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് കൊണ്ടുവന്നു. രാത്രി ഒൻപതിന് ആശുപത്രിയിലെത്തും മുൻപ് വീണ്ടും ഹൃദയാഘാതം സംഭവിച്ചു. 10.15 വരെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും 10.20 ന് അന്ത്യം സംഭവിച്ചതായി ആശുപത്രി അറിയിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. ഭാര്യ : ഷബ്ന. മകൻ : ആദം.
സൂഫിയും സുജാതയും എന്ന സിനിമയാണ് ഷാനവാസിനെ പ്രശസ്തമാക്കിയത്. അതിന് മുൻപ് കരി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ആരുടെയും കീഴിൽ സിനിമ ചെയ്യാതെയാണ് അദ്ദേഹം സംവിധായകനായത്. കരിക്ക് ശേഷം ഏറെനാൾ കൊണ്ടാണ് സൂഫിയും സുജാതയും സിനിമയുടെ തിരക്കഥ എഴുതിയത്. തിരക്കഥ ഇഷ്ടപ്പെട്ട വിജയ് ബാബു നിർമ്മാണം ഏറ്റെടുത്തു. ജയസൂര്യയും സിനിമയിൽ താല്പര്യം പ്രകടിപ്പിച്ചു. തിയേറ്ററുകൾക്ക് പകരം ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യത്തെ സിനിമയാണ് സൂഫിയും സുജാതയും. പുതിയ സിനിമയുടെ തിരക്കഥ അവസാനഘട്ടത്തിൽ നിൽക്കെയാണ് അന്ത്യം. വിജയ് ബാബു നിർമ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടിരുന്നില്ല.
പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് മൂന്നു മണിക്കൂർ കൊണ്ട് ഷാനവാസിനെ തീവ്രപരിചരണ സംവിധാനമുള്ള ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. വഴിനീളെ പൊലീസ് ഗതാഗതക്കുരുക്ക് ഒഴിവാക്കി. എന്നാൽ, പ്രതീക്ഷകൾ നഷ്ടമാക്കി മരണം സംഭവിക്കുകയായിരുന്നു.