
കൊച്ചി: ജൽജീവൻ മിഷൻ പദ്ധതിയിൽ ഒന്നാം സ്ഥാനം നേടി കടമക്കുടി. പഞ്ചായത്തിലെ 381 വീടുകളിൽ കഴിഞ്ഞ ദിവസം മുതൽ പൈപ്പുവെള്ളമെത്തി. കേരള ജല അതോറിട്ടിയാണ് ഗാർഹിക കണക്ഷനുകൾ നൽകിയത്. ഇതോടെ കടമക്കുടി ഗ്രാമപഞ്ചായത്ത് എറണാകുളം ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷനുള്ള പഞ്ചായത്തായി മാറി. ഇതുസംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ നവംബർ പത്തിനാണ് കടമക്കുടി പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗുണഭോക്താക്കൾ പഞ്ചായത്ത് വഴിയാണ് അപേക്ഷ നൽകിയത്. വഴിസംബന്ധമായ തർക്കം നിലനിൽക്കുന്ന വീടുകൾ ഒഴികെ ആവശ്യക്കാർക്ക് മുഴുവൻ കണക്ഷൻ നൽകിയതായി അധികൃതർ പറഞ്ഞു. പള്ളിമുക്ക് പബ്ളിക് ഹെൽത്ത് ഡിവിഷന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലാണ് ജൽ ജീവൻ പദ്ധതി നടപ്പാക്കുന്നത്. കലൂർ, മുളവുകാട്,കരുവേലിപ്പടി എന്നിങ്ങനെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചാണ് പ്രവർത്തനം. കടമക്കുടി,ചേരാനെല്ലൂർ പഞ്ചായത്തുകൾ കലൂർ സബ്‌ഡിവിഷന്റെയും ചെല്ലാനവും കുമ്പളങ്ങിയും കടമക്കുടി ഡിവിഷന്റെയും കീഴിലുമാണ്.
അപേക്ഷിക്കാൻ
ആധാർ കാർഡ് മതി
കേന്ദ്രസർക്കാർ 45 ശതമാനം, സംസ്ഥാന സർക്കാർ 30 ശതമാനം ,ഗ്രാമപഞ്ചായത്ത് 15 ശതനമാനം , 10 ശതമാനം ഗുണഭോക്തൃ വിഹിതം എന്നിങ്ങനെയാണ് പദ്ധതിക്കായി തുക വകയിരുത്തിയിരിക്കുന്നത്. മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തെ 50 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജലജീവൻ മിഷൻ . എ.പി.എൽ ,ബി.പി.എൽ വ്യത്യാസമില്ലാതെ ആധാർ കാർഡ് മാത്രം നൽകിയാൽ ആർക്കും കുടിവെള്ള കണക്ഷൻ ലഭിക്കും.
കേരളത്തിൽ 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകും. 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 880 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.