കൊച്ചി: എറണാകുളം എസ്.ആർ.വി സ്‌കൂളിന്റെ വികസനത്തിന് പൂർവവിദ്യാർത്ഥികൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം രൂപ. ഒരു വർഷത്തിനകം ഒരു കോടി രൂപ സമാഹരിച്ച് സ്കൂൾ വികസനം നടപ്പാക്കാൻ ശതോത്തര പ്ലാറ്റിനം ജൂബിലി ആഗോളസംഗമം തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിൽ ലക്ഷ്യം നിറവേറുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും സ്‌കൂളിന്റെ വികസനത്തിന് പൂർവ വിദ്യാർത്ഥികളിൽ നിന്ന് അത്യാവേശകകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്ലോബൽൽ മീറ്റ് ചെയർമാൻ പ്രൊഫ. ബി.ആർ. അജിത് പറഞ്ഞു. മുംബയിൽ നിന്നെത്തിയ വി.എസ്. രാജൻ 10 ലക്ഷം രൂപയും പൂർവ വിദ്യാർത്ഥിയും രാജ്യാന്തര ബാസ്‌ക്കറ്റ് ബാൾ താരവുമായ ചെറിയാൻ മാത്യു 5 ലക്ഷവും സംഘാടകരെ ഏല്പിച്ചതുൾപ്പെടെ പൂർവ വിദ്യാർത്ഥി സംഘടന സമാപന ദിവസം 25 ലക്ഷം രൂപ സമാഹരിച്ചു. ഒരുകോടി രൂപ സമാഹരിക്കുന്നതോടെ ഒ.എസ്.എയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സെക്രട്ടറി എം.പി. ശശിധരൻ പറഞ്ഞു.