mla

മൂവാറ്റുപുഴ: ജനപ്രതിനിധികൾ രാഷ്ട്രീയത്തിന് അതീതമായി ജനസേവകരാകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിജയിച്ച സി.പി.ഐ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള ഉറ്റബന്ധം നിലനിർത്തുന്നതോടൊപ്പം പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനും സർക്കാർ ആനുകൂല്ല്യങ്ങൾ ഏറ്റവും അർഹരായവർക്ക് നേടികൊടുക്കുവാനും ജാഗ്രതയോടെ ഇടപെടലുകൾ നടത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ ക്ലാസെടുത്തു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ, ജില്ലാ കമ്മിറ്റി അംഗം പി കെ ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, ഇ.കെ.സുരേഷ്, വിൽസൺ ഇല്ലിയ്ക്കൽ, സീന ബോസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിവാഗോ തോമസ്, സിബിൾ സാബു, നഗരസഭ കൗൺസിലർമാരായ മീര കൃഷ്ണൻ, പി.വി. രാധാകൃഷ്ണൻ, സെബി.കെ.സണ്ണി, ഫൗസിയ അലി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൽസൺ ഇല്ലിയ്ക്കൽ, മേരി തോമസ്, അനിത റെജി, പ്രീമ സെമിക്‌സ്, കെ.കെ.ശശി, സെൽബി പ്രവീൺ, ഷിബി കുര്യാക്കോസ്, എൻ.കെ.ഗോപി, സരള രാമൻ നായർ, പി.എൻ.മനോജ്, പി.എച്ച്.സക്കീർ ഹുസൈൻ, ദീപ റോയി, രഹ്ന സോബിൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.