 
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ആതിഥ്യമരുളുന്ന നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് റബലിനെ കൂടെകൂട്ടി ഇനി യു.ഡി.എഫ് ഭരിക്കും. തുരുത്തിശ്ശേരി 13ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് റബൽ പി.വി.കുഞ്ഞിനെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
കോൺഗ്രസ് നെടുമ്പാശേരി ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്ന പി.വി. കുഞ്ഞ് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് റബലായി മത്സരിച്ചത്. ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫും എൽ.ഡി.എഫും ഒമ്പത് സീറ്റുകൾ വീതം നേടി തുല്യനിലയിലായിരുന്നു. എൽ.ഡി.എഫും കുഞ്ഞിനെ കൂടെ നിർത്തി ഭരണത്തുടർച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പി.വി.കുഞ്ഞിനെ പ്രസിഡന്റാക്കാൻ യു.ഡി.എഫ് പാർലിമെന്ററി കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചത്. സന്ധ്യ നാരായണപിള്ള വൈസ് പ്രസിഡന്റായേക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പി.വൈ. വർഗീസ്, സി.ഒ. മാർട്ടിൻ, വർഗീസ് അന്തോണി (കെ.എ. വറിയത്), അബിത മനോജ്, ജെസി ജോർജ്, ആന്റണി കയ്യാല, സന്ധ്യ നാരായണപിള്ള, ബിജി സുരേഷ്, ബീന ഷിബു എന്നിവർ സംസാരിച്ചു.