veliyettam

കൊച്ചി: വർഷമെന്നോ വേനലെന്നോ ഇല്ലാതെയെത്തുന്ന വേലിയേറ്റത്തിലും കടൽകയറ്റത്തിലും വലഞ്ഞ് പശ്ചിമകൊച്ചിക്കാർ. കുമ്പളങ്ങി, ചെല്ലാനം, പെരുമ്പടപ്പ്, മുണ്ടംവേലി, സൗദി എന്നിവിടങ്ങളിൽ വേലിയേറ്റം ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മുണ്ടംവേലി, പെരുമ്പടപ്പ്, മാനാശേരി, വാലുമ്മേൽ കോളനി, ചിറക്കൽ ഭാഗത്ത് രൂക്ഷമായ വേലിയേറ്റമാണ് അനുഭവപ്പെടുന്നത്. പല താഴ്ന്ന പ്രദേശങ്ങളിലും, റോഡുകളിലും വെള്ളം കയറി. കായൽ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളാണ് പലതും വെള്ളത്തിനടിയിലായി. കാനകൾ വഴി വെള്ളം കയറുന്ന ഭാഗങ്ങളിലും വെള്ളകെട്ട് രൂക്ഷമാണ്.
എല്ലാ വർഷവും ഡിസംബർ അവസാന ദിവസങ്ങളിൽ കായൽ തീരത്ത് വേലിയേറ്റം അനുഭവപ്പെടാറുണ്ടെങ്കിലും ഇക്കുറി മുൻ വർഷത്തേക്കാൾ ശക്തമായ വേലിയേറ്റമാണ്. എക്കലും ചെളിയും നിറഞ്ഞു കായലുകളുടെ ആഴം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവുമാണ് കായലിലെ ജലനിരപ്പ് ഉയരാനും വേലിയേറ്ത്തിനും വഴിവച്ചിരിക്കുന്നത്. തോടുകൾ, കായലുകൾ എന്നിവയോട് ചേർന്നുള്ള പ്രദേശങ്ങളുടെ വശങ്ങളിൽ കരിങ്കൽ ഭിത്തി ഇല്ലാത്തതും ദുരിതം ഇരട്ടിയാക്കി.

കരിങ്കൽ ഭിത്തികളില്ല:

കായലിന്റെയും കാനകളുടെയും അതിരുകളിൽ കെട്ടിയ കല്ലുകൾ പലയിടത്തും തകർന്നിരിക്കുകയാണ്. തീരപ്രദേശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കേണ്ട ചുമതല ഇറിഗേഷൻ വകുപ്പിനാണ്. എന്നാൽ, ഇത് വർഷങ്ങളായി നടപ്പാക്കപ്പെടുന്നില്ല. ഇതുമൂലം കായലോരത്ത് ജീവിക്കുന്നവരാണ് ദുരിതത്തിലാകുന്നത്. മുൻകാലങ്ങളിൽ മുണ്ടംവേലി, ചിറക്കൽ ഭാഗങ്ങളിൽ, കൊച്ചി നഗരസഭ താത്കാലിക ബണ്ടുകൾ കെട്ടിയിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ജനപ്രതിനിധികൾ ഇതിന് മുൻ കൈ എടുക്കുന്നില്ല.


ഓരുവെള്ളം തടയാൻ നടപടി വേണം:

കളത്തറ പാടശേഖരം മത്സ്യക്കൃഷിക്കായി ഇത്തവണ ആരും ലേലത്തിൽ എടുക്കാത്തിട്ടില്ല. ഇതിനാൽ കളത്തറ സ്ലൂയിസ് അടക്കുകയോ, തുറക്കുകയോ ചെയ്യാത്ത സ്ഥിതിയാണ്. ഇത് അധികാരികൾ ഏറ്റെടുത്തു പ്രവർത്തന ക്ഷമമാക്കണം.

അലക്‌സാണ്ടർ ഷാജു
വി ഫോർ കൊച്ചി