
കൊച്ചി: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് തൃപ്തികരമായ സേവനം ലഭിച്ചില്ലെങ്കിൽ ഇനി മൊബൈലിൽ വിരലൊന്ന് അമർത്തി പ്രതികരിക്കാം. മികച്ച സേവനം ലഭിച്ചാൽ അതും അറിയിക്കാം. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുടെ സേവനങ്ങൾക്ക് മാർക്കിടാൻ ജില്ലാ ഭരണകൂടം മൊബൈൽ ആപ്പ് തയ്യാറാക്കി.
ഏതെങ്കിലും ഓഫീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കാരണമില്ലാതെ മുടങ്ങിയാൽ ജനങ്ങൾക്ക് ആപ്പിലൂടെ പ്രതികരിക്കാം. സർക്കാർ ഓഫീസ് സേവനങ്ങൾ വിലയിരുത്താൻ 'എന്റെ ജില്ല' എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി) ആപ്പ് തയ്യാറാക്കിയത്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആപ്പ് സഹായകമാവുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ ക്ഷേമകരവും മികവുറ്റതുമാക്കുകയെന്നതാണ് ആപ്പിന്റെ ലക്ഷ്യം. ആപ്പിലെ റേറ്റിംഗ് കളക്ടറേറ്റിൽ രേഖപ്പെടുത്തും. അവ വിലയൊരുത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആപ്പിന്റെ ഗുണങ്ങൾ
ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുകൾ കണ്ടെത്താം
ടെലിഫോൺ വഴി ബന്ധപ്പെടാം
സർക്കാർ ഓഫീസുകളെ വിലയിരുത്താം
ജീവനക്കാരുടെയും പ്രവർത്തനം വിലയിരുത്താം
പോരായ്മകൾ, കോട്ടങ്ങൾ, തുടങ്ങിയവയ അധികൃതരെ അറിയിക്കാം
ഓരോ സ്ഥാപനത്തിനും 1 മുതൽ 5 വരെ സ്റ്റാർ റേറ്റിംഗ് നൽകാം
ഡൗൺ ലോഡ് ചെയ്യാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരുടെ നമ്പറുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ ക്രമീകരണങ്ങളുണ്ട്. രജിസ്റ്റർ ചെയ്തശേഷം സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും റേറ്റ് ചെയ്യാനും സാധിക്കും.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ : www.voterportal.eci.gov.in