കൊച്ചി: നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്ന് കൊടുക്കാത്തത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി.ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോർട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ നാലാഴ്ച്ചക്കകം ഹാജരാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു. പാലം തുറന്നു കൊടുത്താൽ വാഹന യാത്രികർക്കും ജനങ്ങൾക്കും ഗതാഗതക്കുരുക്ക് നേരിടാതെ യാത്ര ചെയ്യാനാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. വൈറ്റില കുണ്ടന്നൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം ജനം ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞ നവംബറിൽ കമ്മിഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും പാലങ്ങൾ ഇതുവരെ തുറന്നു നല്കിയിട്ടില്ല.