ആലുവ: ജന്മനാ പൂർണമായും കാഴ്ച പരിമിതനായ അഭിഷേകിന് ക്രിസ്മസ് രാവ് ആനന്ദ സംഗീതരാവാകുകയാണ്. ചാനലുകളിലും ആൽബങ്ങളിലും ഗാനമാലപിച്ച് തിളങ്ങിയ ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ ആറാം ക്ലാസുകാരനായ എം.ജെ. അഭിഷേക് ബ്രെയിൽ ലിപിയിൽ സ്വന്തമായി രചിച്ച് ഈണം നൽകി ആലപിച്ച 'ക്രിസ്മസ് കാലം' എന്ന ഗാനം ഇന്ന് ക്രിസ്മസ് രാവിൽ പ്രകാശിതമാവും.
കൊവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സ്‌കൂളിൽ പോവാനായില്ലെങ്കിലും ഓൺലൈൻ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രചിച്ച് ഈണം നൽകി ആലപിച്ച ഈ ക്രിസ്മസ് ഗാനത്തെ അദ്ധ്യാപകർ അഭിനന്ദിച്ചപ്പോൾ 'എനിക്കൊരു സങ്കടവും സ്വപ്നവുമുണ്ട്, ഈ ഗാനം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് ഓർക്കസ്‌ടേഷൻ നൽകിയാൽ ഏറെ ആനന്ദമാവും' എന്ന ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞ സംഗീത സംവിധായകനും ഗായകനുമായ അൻവിൻ കെടാമംഗലം അഭിഷേകിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങി. സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന സംഗീത സംവിധായകൻ എൽദോ പി. ജോൺ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചു.
ശബ്ദമിശ്രണം സഞ്ജയ് അറക്കലും ദൃശ്യാവിഷ്‌കരണം അനന്ത് പി. മോഹനും നിർവഹിച്ചു. അഭിയുടെ ക്രിസ്മസ് ആഘോഷത്തിന് കലാ രംഗത്തെ ഈ യുവസുഹൃത്തുക്കൾ ഒത്തുചേരുകയായിരുന്നു. അഭിഷേകിനെ സംഗീതം പരിശീലിപ്പിക്കുന്നത് വിദ്യാലയത്തിലെ സംഗീത അദ്ധ്യാപികയായ പ്രവീണയാണ്.