പെരുമ്പാവൂർ: കുറുപ്പുംപടി, മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനുകളിൽ അഞ്ചോളം കേസുകളിൽ പ്രതിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോയെ (23 ) കാപ്പ ചുമത്തി റൂറൽ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് നാടുകടത്തി. സ്ഥിരം കുറ്റവാളികൾക്കെതിരെയുള്ള ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, മോഷണം, കൂട്ടമായുള്ള കവർച്ച, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ കുറുപ്പുംപടി പൊലീസ് ഇയാളുടെ പക്കലിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു, നിലവിൽ കുറുപ്പുംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ലിന്റോയുടെ സഹോദരൻ ലാലു ഉൾപ്പടെ നാലുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 21 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, 25 പേരെ നാടുകടത്തി, കൂടുതൽപേർ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും റൂറൽ എസ് പി കെ. കാർത്തിക് പറഞ്ഞു.