elizabath

ആലുവ: ക്രിസ്‌മസ് രാവിൽ യേശുദേവൻ പുൽക്കൂട്ടിൽ പിറന്നത് പോലെ ക്രിസ്‌മസ് തലേന്ന് എൺപതുകാരി എലിസബത്ത് ജോണിന് പുനർജന്മമാണ്. നിർമ്മാണത്തിലിരിക്കുന്ന റോഡിന്റെ ഭിത്തിയിടിഞ്ഞ് 20 അടി താഴ്ച്ചയിലേക്ക് വീണ ആലുവ കരുണാലയം റോഡിൽ റിട്ട. അദ്ധ്യാപിക എലിസബത്ത് ജോൺ പരിക്കുകളോടെ ആലുവയിലെ സ്വകാര്യാശുപത്രിയിലാണ്.

വീഴ്ചയുടെ ആഘാതത്തിൽ ഇവരുടെ കൈകൾക്കും തോളെല്ലിനും പൊട്ടലുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

പന്ത്രണ്ടാം വാർഡിൽ നഗരസഭ കാര്യാലയത്തിന് പിന്നിൽ കരുണാലയം റോഡിന്റെ നിർമ്മാണം മാസങ്ങളായി നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രകൃതിക്ഷോഭ ഫണ്ടിൽ നിന്നും കോടിയോളം രൂപ ചെലവഴിച്ചാണ് പാർശ്വഭിത്തി ഉൾപ്പെടെയുള്ള നിർമ്മാണം. വശങ്ങളിൽ ഇടവിട്ട് വലിയ വീപ്പകൾ സ്ഥാപിച്ച ശേഷം പ്ളാസ്റ്റിക്ക് വള്ളി കെട്ടിയാണ് കാൽനട യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നത്. എലിസബത്ത് ജോൺ ഇതുവഴി പോയപ്പോൾ മണ്ണിടിയുകയായിരുന്നു. കരച്ചിൽ കേട്ട് ഓടികൂടിയവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

മതിയായ സുരക്ഷാ സംവിധാമൊരുക്കാതെയുള്ള നിർമ്മാണമാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നിയുക്ത നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. മുൻ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ വീഴ്ച്ചയുണ്ടായിട്ടുണ്ട്. 12 ഓളം കുടുംബങ്ങൾക്ക് വീടുകളിലേക്ക് പോകാൻ ബദൽ സൗകര്യമൊരുക്കാതിരുന്നതും വീഴ്ച്ചയാണെന്ന് എം.ഒ. ജോൺ കുറ്റപ്പെടുത്തി.