star

കൊച്ചി: ചേർത്തല അരൂക്കുറ്റി റോഡിൽ പാണാവള്ളി വീരമംഗലം വളവിന് സമീപത്തെ വീടിന് മുന്നിലെത്തിയ നാട്ടുകാർ ക്രിസ്‌മസ് രാവിൽ കൺകുളിർക്കെ നക്ഷത്രത്തെ കണ്ടു, അതും 25 മൂലയുള്ള, 13 അടി ഉയരമുള്ള നക്ഷത്രം! അക്ഷരാർത്ഥത്തിൽ വീടിനേക്കാൾ ഉയരം. അതുണ്ടാക്കിയതാകട്ടെ ആ വീട്ടിലെ അച്ഛനും മകനും. എല്ലാ വർഷവും ക്രിസ്മസിന് വീട് മനോഹരമായി അലങ്കരിക്കുന്ന തയ്യൽ ജോലിക്കാരനായ കുഞ്ഞുമോന് ഇത്തവണയും ആഘോഷം കുറയ്ക്കാൻ മനസ്സ് വന്നില്ല. തുടർന്ന് മനസിൽ തോന്നിയ ആശയം മകൻ അലൻ സെബാസ്റ്റ്യനോട് പറഞ്ഞു. അങ്ങനെ മകന്റെയും പിന്തുണയോടെയാണ് നക്ഷത്രമുണ്ടാക്കിയത്. ക്രിസ്മസ് കഴിഞ്ഞിട്ടും നിരവധി ആളുകളാണ് നക്ഷത്രം കാണാനും സെൽഫിയെടുക്കാനും എത്തുന്നത്. ഒരു മാസം മുന്നേ മുള വെട്ടിയെടുത്ത് ഉണക്കിയ ശേഷമാണ് നിർമ്മാണം. വെളള തുണിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഏഴ് ട്യൂബ് ലൈറ്റാണ് പ്രകാശം പരത്തുന്നത്. ചിലവ് എത്രയായെന്ന ചോദ്യത്തിന് കുഞ്ഞുമോന് ഒറ്റ മറുപടിയേ ഉള്ളു. ചിലവല്ല ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ് ഇത്.