
കൊച്ചി: കേരളകൗമുദി കൊച്ചിയിൽ നൂറു വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് പ്രൗഢഗംഭീരമായ തുടക്കം. കേന്ദ്ര - സംസ്ഥാന മന്ത്രിമാരും സാമൂഹ്യ, രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖരും ആഘോഷങ്ങൾക്ക് ആശംസകൾ നേരാൻ അണിനിരന്നു.
കേരളകൗമുദിയുടെ നവീകരിച്ച കൊച്ചി ഓഫീസിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ ചടങ്ങ്. ഓഫീസിന്റെ പൂമുഖത്തെ നിലവിളക്കിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആദ്യതിരി തെളിച്ചു. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ഹൈബി ഈഡൻ എം.പി, കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി, യൂണിറ്റ് ചീഫ് പ്രഭുവാര്യർ എന്നിവരും തിരിതെളിച്ചു.
ബി.ടി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖപ്രഭാഷണം നടത്തി. കേരളകൗമുദി പ്രത്യേക പതിപ്പ് നഗരസഭാ കൗൺസിലർ മിനി ആർ. മേനോൻ സിനിമാതാരം സലിംകുമാറിന് കൈമാറി പ്രകാശനം ചെയ്തു.
കൊവിഡ് കാലത്തെ മാതൃകാസേവനത്തിന് ജില്ലാ കളക്ടർ എസ്. സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി. വിജയ് സാഖറെ, മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ്ബാബു, ജില്ലാ അഡിഷണൽ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി എന്നിവർക്ക് ഉപഹാരങ്ങൾ മന്ത്രിമാർ സമർപ്പിച്ചു.
വണ്ടിയുന്തി സഞ്ചരിക്കുന്ന വികലാംഗയെ സഹായിച്ച് പൊലീസിന്റെ കാരുണ്യമുഖമായി മാറിയ കടവന്ത്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപുവിനും ഉപഹാരം സമർപ്പിച്ചു.
മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ജി.കെ. പ്രകാശ്, പ്രമുഖ ആർക്കിടെക്ടും വൈറ്റിലയിലെ ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻ (ആസാദി) ചെയർമാനുമായ ബി.ആർ. അജിത്തിന് വേണ്ടി കൊച്ചുമകൻ ആര്യൻ സന്തോഷ്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാനും പൊതുപ്രവർത്തകനുമായ മഹാരാജ ശിവാനന്ദൻ എന്നിവരും കേരളകൗമുദിയുടെ ആദരവ് ഏറ്റുവാങ്ങി.
കൊച്ചിയുടെ വികസനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖനമത്സരത്തിൽ വിജയികളായ നായരമ്പലം ലൊബേലിയ സ്കൂളിലെ
ലക്ഷ്‌മി നാരായണൻ, ആലുവ ക്രസന്റ് പബ്ളിക് സ്കൂളിലെ നിവേദ്യ മോഹനൻ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിലെ സി.ബി. അതുൽകൃഷ്ണ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിശാലകൊച്ചി വികസന അതോറിറ്റി ചെയർമാൻ അഡ്വ.വി. സലിം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.