കൊച്ചി : വാർത്തകളുമായി കൊച്ചിയിലെത്തിയതിന്റെ നൂറു വർഷമാഘോഷിക്കുമ്പോൾ കേരളകൗമുദി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം സാമൂഹ്യനീതിയും വികസനവുമാണെന്ന് ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖപ്രസംഗത്തിൽ വ്യക്തമാക്കി.

സാമൂഹ്യനീതിയിലും വികസനത്തിലും കേരളകൗമുദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്ര നിലപാടു സ്വീകരിക്കുമ്പോഴും വികസനത്തിന്റെയും സാമൂഹ്യനീതിയുടെയും തുല്യതയുടെയും കാര്യത്തിൽ വ്യക്തമായ രാഷ്ട്രീയം കേരളകൗമുദിക്കുണ്ട്. അടുത്ത അഞ്ചു വർഷത്തെ സംസ്ഥാനത്തിന്റെ വികസനം എങ്ങനെയാവണമെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കേരളകൗമുദി വളരെ വിശദമായ കർമ്മരേഖയാണ് തയ്യാറാക്കി നൽകിയത്.

28 വർഷം മുൻപു നടന്ന അഭയക്കേസിന്റെ വിധി കഴിഞ്ഞ ദിവസം വന്നു. മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഇതു പ്രസിദ്ധീകരിച്ചു. ഇൗ വിഷയത്തിൽ കേരളകൗമുദി സ്വീകരിച്ച ധീരമായ നിലപാട് ചരിത്രമാണ്. നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം എന്ന തലക്കെട്ടിൽ 16 വർഷം മുമ്പ് കേരളകൗമുദി എഡിറ്റോറിയൽ എഴുതി. നീതിക്കുവേണ്ടി നിർഭയം എഴുതിയ എഡിറ്റോറിയലുകൾ കേരളകൗമുദി എക്കാലത്തും നീതിയുടെ പക്ഷത്താണെന്ന് തെളിയിക്കുന്നവയാണ്.

മഹാരഥൻമാർ സാരഥ്യം വഹിച്ച കേരളകൗമുദി മാറ്റങ്ങളുടെ പാതയിലാണ്. ഏറ്റവും വേഗത്തിൽ മാറുന്ന നഗരമായ കൊച്ചിയുടെ സ്വന്തം പത്രമായി മാറുകയാണ് കേരളകൗമുദി. കൊവിഡ് നമ്മുടെ കാഴ്ചകളെയും അഭിരുചികളെയും മാറ്റി. മനുഷ്യർ മുഖപടം അണിയുന്ന ഇക്കാലത്ത് വാർത്തകൾ മുഖപടമില്ലാതെ വായനക്കാരിലേക്ക് എത്തിക്കാൻ കേരളകൗമുദി പ്രതിജ്ഞാബദ്ധമാണ് - ശങ്കർ ഹിമഗിരി പറഞ്ഞു.