കൊച്ചി: കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകാൻ ധാരണയായി. ഇന്നലെ കലൂർ ലെനിൻ സെന്ററിൽ നടന്ന സി.പി.എം, സി.പി.ഐ യോഗത്തിലാണ് തീരുമാനം. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.ഐയുടെ കെ.എ. അൻസിയ ഡെപ്യൂട്ടി മേയറാകും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. അനിൽകുമാറിനെ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നേരത്തെ തന്നെ സി.പി.എം തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗം തീരുമാനത്തിന് അംഗീകാരം നൽകി.

കൊച്ചി കോർപ്പറേഷനിൽ നാലു സീറ്റുകളിൽ മാത്രം വിജയിച്ച സി.പി.ഐയ്ക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുന്നതിൽ സി.പി.എമ്മിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുന്നണി മര്യാദയനുസരിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിൽ സി.പി.ഐ ഉറച്ചു നിന്നതോടെയാണ് ലെനിൻ സെൻററിൽ ഉഭയകക്ഷി ചർച്ച വിളിച്ചു ചേർത്തത്.

വിമതൻമാർക്ക് ചെയർമാൻ പദവി

എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന ലീഗ് വിമതൻ ടി.കെ. അഷ്‌റഫിനും പനയപ്പിള്ളി ഡിവിഷനിൽ നിന്ന് വിജയിച്ച ജെ. സനിൽമോനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായി. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മാനാശേരിയിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച കെ.പി. ആന്റണി ഒരുകക്ഷിയെയും പിന്തുണയ്ക്കാതെ മാറിനിൽക്കും.

ആത്മവിശ്വാസത്തോടെ അൻസിയ

നാലു പതിറ്റാണ്ടിലേറെ കാലം ലീഗിന്റെ കുത്തകയായിരുന്ന മട്ടാഞ്ചേരി പിടിച്ചെടുത്തതിന്റെ കരുത്തിലാണ് 33 കാരിയായ അൻസിയ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കെത്തുന്നത്. കടുത്ത ത്രികോണ മത്സരം നടന്ന മട്ടാഞ്ചേരിയിൽ നിന്ന് 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ.ഐ.വൈ.എഫ് വനിത കൺവീനറായ അൻസിയയുടെ കന്നി അങ്കമായിരുന്നു ഇത്. അയൽക്കൂട്ടം പ്രസിഡന്റായി ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. പത്താം ക്ളാസ് ആണ് വിദ്യാഭ്യാസ യോഗ്യത. മട്ടാഞ്ചേരി ഹാർബറിലെ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.ബി അഷ്‌റഫ് ആണ് ഭർത്താവ്. പ്ളസ് വൺ വിദ്യാർത്ഥിയായ നഹാന, എട്ടാം ക്ളാസ് വിദ്യാർത്ഥി നിഹാദ്, രണ്ടാം ക്ളാസുകാരൻ നബ്‌ഹാൻ എന്നിവരാണ് മക്കൾ. കൂട്ടുകുടുംബത്തിലായതിനാൽ ഭരണകാര്യങ്ങൾക്കായി ആവശ്യത്തിന് സമയം നീക്കിവയ്ക്കാൻ കഴിയുമെന്ന് അൻസിയ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കോർപ്പറേഷനിലെ കക്ഷി നില

ആകെ സീറ്റ്: 74

എൽ.ഡി.എഫ് : 34

സ്വതന്ത്രൻമാർ: 2

ആകെ : 36

യു.ഡി.എഫ്: 31

സ്വതന്ത്ര: 1

ആകെ: 32

എൻ.ഡി.എ : 6

സ്വതന്ത്രൻ : 1