ചൂർണിക്കര ഗ്രാമപഞ്ചായത്ത്:

രാജി സന്തോഷ് പ്രസിഡന്റാകും, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി


ആലുവ: ചൂർണിക്കര പഞ്ചായത്തിന്റെ അമരത്തേക്ക് രാജി സന്തോഷും വൈസ് പ്രസിഡന്റായി ബാബു പുത്തനങ്ങാടിയും എത്തും. ഇരുവരേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി നൽകാനുള്ള തീരുമാനം ഐ ഗ്രൂപ്പ് നേതൃത്വം അംഗീകരിച്ചു. ആലുവ നഗരസഭയിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഐ ഗ്രൂപ്പിന് ലഭിക്കാത്തതിനാൽ ചൂർണിക്കരയിലെ വൈസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കില്ല.

ഈ സാഹചര്യത്തിൽ രാജിയും ബാബുവും ചൂർണിക്കരയുടെ ഭരണതലപ്പത് എത്തുമെന്ന് ഉറപ്പായി. മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരിൽ ഒന്ന് ജനറലും രണ്ടെണം വനിത സംവരണവുമാണ്. ജനറൽ വിഭാഗം എ ഗ്രൂപ്പിന് നൽകും. എന്നാൽ ഐ വിഭാഗത്തിൽ നിന്ന് ജനറൽ വിഭാഗത്തിൽ കെ.കെ. ശിവാനന്ദനും സി.പി. നൗഷാദും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യം പാലിക്കുന്നതിനായി സീനിയോറിട്ടി പരിഗണിക്കില്ല. ശിവാനന്ദൻ നാലാം വട്ടവും നൗഷാദ് മൂന്നാം വട്ടവുമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ശിവാനന്ദൻ നിയോജക മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചയാളുമാണ്. 18 അംഗങ്ങളിൽ 10പേർ യു.ഡി.എഫിനുണ്ട്. അഞ്ച് പേർ എൽ.ഡി.എഫും രണ്ട് സ്വതന്ത്രരും ഒരു ബി.ജെ.പി അംഗവും. യു.ഡി.എഫ് അംഗങ്ങളിൽ ഏഴ് പേർ ഐ ഗ്രൂപ്പുകാരാണ്. മൂന്ന് പേരാണ് എ പക്ഷക്കാർ.

പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷമേ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ശാന്ത ഉണ്ണികൃഷ്ണൻ പരാജയപ്പെട്ടതിനാലാണ് മൂന്നാം വട്ടം ജയിച്ച രാജി സന്തോഷിന് അവസരം ലഭിക്കുന്നത്. 2010ൽ അശോകപുരത്ത് വനിത സംവരണ വാർഡിൽ നിന്നും ലഭിച്ച രാജി 2015ൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ ജനറൽ വാർഡിൽ നിന്നും സ്വതന്ത്രയായാണ് ഭരണ സമിതിയിലെത്തിയത്. പിന്നീട് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ചേർന്ന രാജി സന്തോഷ് ഒരു വർഷമായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായിരുന്നു. 30നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.