kaumudi

കൊച്ചി: എല്ലാക്കാലത്തും ഭരണാധികാരികളെ നേർവഴിയിൽ നയിക്കാൻ പ്രേരിപ്പിച്ചവരാണ് കേരളകൗമുദിയിലെ പത്രാധിപന്മാരെന്ന് കേന്ദ്ര വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നമ്മുടെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒട്ടേറെ അനീതികൾ നടക്കുന്നുണ്ട്. ഇത് നീതി നടപ്പിലാക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ കേരളകൗമുദി ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാറുന്ന കൊച്ചിക്കനുസരിച്ച് കഴിഞ്ഞ കാലത്തെ പാഠങ്ങൾ ഉൾക്കൊണ്ട് ഇനിയങ്ങോട്ടുള്ള പ്രയാണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഈ ആഘോഷം. കേരളത്തിന്റെയും ഇന്ത്യയുടെയും മാറ്റത്തെ ഉൾക്കൊണ്ട് കൊച്ചി കേരളത്തിന് വഴികാട്ടാൻ തയ്യാറാകേണ്ടതുണ്ട്. മത്സരത്തിന്റെ ലോകത്ത് മൂല്യങ്ങൾ നഷ്ടപ്പെട്ട് പോകാതെ മുന്നോട്ടുപോകാൻ കഴിയണം.

ഇന്നത്തെ കാലത്ത് വസ്തുതയും വേഗതയും തമ്മിൽ മത്സരമുണ്ട്. വസ്തുതാപരമായ പിശകുകളില്ലാതെ വേഗത്തിൽ ജനങ്ങളിലെത്താൻ കഴിയുന്ന സന്തുലിതാവസ്ഥ നിലനിറുത്തുമ്പോഴാണ് ജനങ്ങൾ ഇഷ്ടപ്പെടുന്ന പത്രമായി മാറാൻ കഴിയുന്നത്. ആശങ്കകളും വീക്ഷണങ്ങളും വെല്ലുവിളികളും നേരിടാൻ യുവാക്കളെ പ്രാപ്തരാക്കാൻ കേരളകൗമുദിക്ക് സാധിക്കണം. അവരുടെ വീക്ഷണങ്ങൾ തിരിച്ചറിയാനും അവരെ തൃപ്തിപ്പെടുത്താനുമായാൽ തലമുറകളുടെ വ്യത്യാസമില്ലാത്ത മാദ്ധ്യമമായി മാറാൻ കഴിയും. അതുവഴി വരാനിരിക്കുന്ന തലമുറയുടെ മാദ്ധ്യമമായി മാറാനും കേരളകൗമുദിക്ക് കഴിയട്ടെ എന്ന് മുരളീധരൻ ആശംസിച്ചു. ശതാബ്ദി ആഘോഷം ഒരുവർഷം നീളും.

കേരളകൗമുദിക്ക് കൊച്ചിയിൽ നൂറ് ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം


്രത്യേക ലേഖകൻ

കൊച്ചി: കേരളകൗമുദി കൊച്ചിയിൽ നൂറു വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് പ്രൗഢഗംഭീരമായ തുടക്കം. കേന്ദ്ര - സംസ്ഥാന മന്ത്രിമാരും സാമൂഹ്യ, രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖരും ആഘോഷങ്ങൾക്ക് ആശംസകൾ നേരാൻ അണിനിരന്നു.

കേരളകൗമുദിയുടെ നവീകരിച്ച കൊച്ചി ഓഫീസിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ ചടങ്ങ്. ഓഫീസിന്റെ പൂമുഖത്തെ നിലവിളക്കിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആദ്യതിരി തെളിച്ചു. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ഹൈബി ഈഡൻ എം.പി, കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി, യൂണിറ്റ് ചീഫ് പ്രഭുവാര്യർ എന്നിവരും തിരിതെളിച്ചു.

ബി.ടി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖപ്രഭാഷണം നടത്തി. കേരളകൗമുദി പ്രത്യേക പതിപ്പ് നഗരസഭാ കൗൺസിലർ മിനി ആർ. മേനോൻ സിനിമാതാരം സലിംകുമാറിന് കൈമാറി പ്രകാശനം ചെയ്തു.

കൊവിഡ് കാലത്തെ മാതൃകാസേവനത്തിന് ജില്ലാ കളക്ടർ എസ്. സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി. വിജയ് സാഖറെ, മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ്ബാബു, ജില്ലാ അഡിഷണൽ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി എന്നിവർക്ക് ഉപഹാരങ്ങൾ മന്ത്രിമാർ സമർപ്പിച്ചു.

വണ്ടിയുന്തി സഞ്ചരിക്കുന്ന വികലാംഗയെ സഹായിച്ച് പൊലീസിന്റെ കാരുണ്യമുഖമായി മാറിയ കടവന്ത്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപുവിനും ഉപഹാരം സമർപ്പിച്ചു.

മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ജി.കെ. പ്രകാശ്, പ്രമുഖ ആർക്കിടെക്ടും വൈറ്റിലയിലെ ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻ (ആസാദി) ചെയർമാനുമായ ബി.ആർ. അജിത്തിന് വേണ്ടി കൊച്ചുമകൻ ആര്യൻ സന്തോഷ്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാനും പൊതുപ്രവർത്തകനുമായ മഹാരാജ ശിവാനന്ദൻ എന്നിവരും കേരളകൗമുദിയുടെ ആദരവ് ഏറ്റുവാങ്ങി.

കൊച്ചിയുടെ വികസനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖനമത്സരത്തിൽ വിജയികളായ നായരമ്പലം ലൊബേലിയ സ്കൂളിലെ

ലക്ഷ്‌മി നാരായണൻ, ആലുവ ക്രസന്റ് പബ്ളിക് സ്കൂളിലെ നിവേദ്യ മോഹനൻ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിലെ സി.ബി. അതുൽകൃഷ്ണ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിശാലകൊച്ചി വികസന അതോറിറ്റി ചെയർമാൻ അഡ്വ.വി. സലിം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.


കേരളകൗമുദി എക്കാലവും നീതിയുടെ പക്ഷത്ത്:മന്ത്രി വി.എസ്.സുനിൽകുമാർ

സ്വന്തം ലേഖകൻ

കൊച്ചി: കേരളകൗമുദി എക്കാലവും നീതിയുടെ പക്ഷത്ത് ഉറച്ചുനിന്ന പത്രമാണെന്നും ഗുരുദേവൻ പകർന്നു നൽകിയ ചിരാത് ഏതു കൂരിരുട്ടിലും പ്രകാശിപ്പിക്കാൻ കഴിയുന്ന മഹത്തായ പാരമ്പര്യം കേരളകൗമുദിക്കുണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളകൗമുദി ഒരിക്കലും നിഷ്‌പക്ഷമായിരുന്നില്ല. എന്നും നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമാണ് കേരളകൗമുദി. ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണ കാലത്ത്, കുമാരനാശാനെപ്പോലുള്ള കവികൾപോലും അവഗണിക്കപ്പെട്ടിരുന്ന കാലത്ത്, ഗുരുദർശനങ്ങളെ ചവിട്ടിമെതിക്കാൻ കാത്തുനിന്ന ഭരണാധികാരികളുടെ കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്നത് വലിയ ധീരതാണ്. അതാണ് കേരളകൗമുദി അടയാളപ്പെടുത്തുന്ന ചരിത്രമെന്നും മന്ത്രി പറഞ്ഞു.

ഗുരുദേവനിൽ നിന്ന് കൈനീട്ടം വാങ്ങി ആരംഭിച്ച പത്രമാണ്. ഗുരുദേവദർശനങ്ങളുടെ ആകെത്തുകയായ `ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘എന്ന ആപ്തവാക്യം ആലേഖനം ചെയ്താണ് കേരളകൗമുദി എന്നും പുറത്തിറങ്ങുന്നത്. ഗുരുദേവ ദർശനങ്ങൾ എല്ലാദിവസവും നമ്മെ ഒാർമ്മപ്പെടുത്തുന്ന പത്രം. സി.വി. കുഞ്ഞുരാമനും പത്രാധിപർ കെ. സുകുമാരനുമടക്കം നിരവധി സാമൂഹ്യ പരിഷ്കകർത്താക്കൾ നേതൃത്വം നൽകിയ പത്രമാണിതെന്നും മന്ത്രി സുനിൽകുമാർ അനുസ്മരിച്ചു.