keralakaumudi-

കൊച്ചി: എല്ലാക്കാലത്തും ഭരണാധികാരികളെ നേർവഴിയിൽ നയിക്കാൻ പ്രേരിപ്പിച്ചവരാണ് കേരളകൗമുദിയിലെ പത്രാധിപന്മാരെന്ന് കേന്ദ്ര വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നമ്മുടെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒട്ടേറെ അനീതികൾ നടക്കുന്നുണ്ട്. ഇത് നീതി നടപ്പിലാക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ കേരളകൗമുദി ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാറുന്ന കൊച്ചിക്കനുസരിച്ച് കഴിഞ്ഞ കാലത്തെ പാഠങ്ങൾ ഉൾക്കൊണ്ട് ഇനിയങ്ങോട്ടുള്ള പ്രയാണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഈ ആഘോഷം. കേരളത്തിന്റെയും ഇന്ത്യയുടെയും മാറ്റത്തെ ഉൾക്കൊണ്ട് കൊച്ചി കേരളത്തിന് വഴികാട്ടാൻ തയ്യാറാകേണ്ടതുണ്ട്. മത്സരത്തിന്റെ ലോകത്ത് മൂല്യങ്ങൾ നഷ്ടപ്പെട്ട് പോകാതെ മുന്നോട്ടുപോകാൻ കഴിയണം.

ഇന്നത്തെ കാലത്ത് വസ്തുതയും വേഗതയും തമ്മിൽ മത്സരമുണ്ട്. വസ്തുതാപരമായ പിശകുകളില്ലാതെ വേഗത്തിൽ ജനങ്ങളിലെത്താൻ കഴിയുന്ന സന്തുലിതാവസ്ഥ നിലനിറുത്തുമ്പോഴാണ് ജനങ്ങൾ ഇഷ്ടപ്പെടുന്ന പത്രമായി മാറാൻ കഴിയുന്നത്. ആശങ്കകളും വീക്ഷണങ്ങളും വെല്ലുവിളികളും നേരിടാൻ യുവാക്കളെ പ്രാപ്തരാക്കാൻ കേരളകൗമുദിക്ക് സാധിക്കണം. അവരുടെ വീക്ഷണങ്ങൾ തിരിച്ചറിയാനും അവരെ തൃപ്തിപ്പെടുത്താനുമായാൽ തലമുറകളുടെ വ്യത്യാസമില്ലാത്ത മാദ്ധ്യമമായി മാറാൻ കഴിയും. അതുവഴി വരാനിരിക്കുന്ന തലമുറയുടെ മാദ്ധ്യമമായി മാറാനും കേരളകൗമുദിക്ക് കഴിയട്ടെ എന്ന് മുരളീധരൻ ആശംസിച്ചു. ശതാബ്ദി ആഘോഷം ഒരുവർഷം നീളും.