
കൊച്ചി: ഡൽഹിയിലെ കൊടും തണുപ്പിൽ പോരാട്ടവീര്യം ചോരാതെ സമരം ചെയ്യുന്ന കർഷകർക്ക് പൈനാപ്പിൾ ഫെഡറേഷന്റെ മധുരസ്നേഹം. അസോസിയേഷൻ നൽകിയ 20ടൺ പൈനാപ്പിൾ കർഷകർക്ക് നൽകാനായി ഡൽഹിയിലേക്ക് തിരിച്ചു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ എൽദോ ഏബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ വാഹനം ഫ്‌ളാഗ് ഒഫ് ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭം പരാജയപ്പെടരുതെന്ന് കൃഷിമന്ത്രി പറഞ്ഞു. കർഷകസമരം പരാജയപ്പെടുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കും പൊതുജനങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാകും. വിത്തു മുതൽ വിപണി വരെ സ്വകാര്യ കമ്പനികളുടെ കീഴിലാവുന്നത് കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് വലിയ തിരച്ചടിയാകും. ഭക്ഷണം കഴിയ്ക്കുന്നവരെല്ലാം സമരം ചെയ്യുന്ന കർഷകർക്കൊപ്പം നിൽക്കണം. കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പൈനാപ്പിൾ അയച്ച പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷനെ അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
പൈനാപ്പിളിനും ലോറിയുടെയും ചെലവ് അസോസിയേഷൻ അംഗങ്ങൾ പങ്കിട്ടു നൽകുമെന്ന് പ്രസിഡന്റ് ജെയിംസ് ജോർജ് പറഞ്ഞു. ലോഡ് ചൊവ്വാഴ്ച ഡൽഹിയിലെത്തും. എം.പിമാരായ ഡീൻ കുര്യാക്കോസ്, കെ.കെ. രാഗേഷ് എന്നിവരും ഡൽഹി ഗുരുദ്വാരയിലെ ഹർഭജൻസിംഗും കർഷകർക്ക് പൈനാപ്പിൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, കൊച്ചി ഗുരുദ്വാര സെക്രട്ടറി ബൽജിത് സിംഗ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോളി, കെ.ജി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. സുധാകരൻ, ജോസ് കൊട്ടുപ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് വർഗീസ് താണിയ്ക്കൽ, കേരള കർഷക ഫെഡറേഷൻ ചെയർമാൻ കെ. സുരേഷ് ബാബു, കെ.എസ്. വൈ.എഫ് സംസ്ഥാന പ്രസിഡന്റ് തോമസ് കൊറശേരി, ജ്വാല പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ, ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി, എ.കെ.സി.സി സെക്രട്ടറി ജോസ് പുതിയേടം എന്നിവർ സന്നിഹിതരായിരുന്നു.