nayarambhalam

വൈപ്പിൻ : കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നാടിനൊപ്പം നിന്ന ഞാറക്കൽ പൊലീസിനെ കേരളകൗമുദി റീഡേഴ്‌സ് ക്ലബ് ആദരിച്ചു. നേതൃത്വം നൽകിയ ഞാറക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. ധർമ്മജിത്ത്, എസ്.ഐമാരായ കെ.കെ. ഭഗവൽദാസ്, എം.പി. സുരേന്ദ്രൻ എന്നിവർക്ക് പുരസ്‌കാരം നൽകിയാണ് ആദരിച്ചത്.

ആദരിക്കൽ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി വൈപ്പിൻ റിപ്പോർട്ടർ കെ.കെ. രത്‌നൻ സ്വാഗതം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചപ്പോൾ നാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നൽകാൻ തന്നോടൊപ്പം ഞാറക്കൽ പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് ഇൻസ്‌പെക്ടർ പി. എസ്. ധർമ്മജിത്ത് പറഞ്ഞു. നാട്ടിലെ മറ്റ് സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ആർക്കെങ്കിലും കൊവിഡ് ബാധിക്കുമ്പോൾ ഓഫീസും സ്ഥാപനവും പൂട്ടിയിടാറായിരുന്നു പതിവെങ്കിൽ ഞാറക്കൽ സ്റ്റേഷനിലെ 14 ഉദ്യോഗസ്ഥർ ഒന്നിന് പുറകെ ഒന്നായി കൊവിഡ് ബാധിതരായിട്ടും സ്റ്റേഷൻ പൂട്ടിയിടാതെ ജനങ്ങളെ സഹായിക്കാൻ ജീവഭയം കൂടാതെ തങ്ങൾ രംഗത്തുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ എസ് ഐ ടി ജെ കുര്യാക്കോസ് പറഞ്ഞു. എ.എസ്.ഐ അഭി നന്ദിപറഞ്ഞു. ഞാറക്കൽ റിപ്പോർട്ടർ എം.വി. ദീപക്ക് , സീനിയർ മാർക്കറ്റിംഗ് ഓഫീസർ പി.ബി. ശശിധരൻ തുടങ്ങിയവർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.