
ആലുവ: ആലുവ നഗരസഭ ചെയർമാനായി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ഒ. ജോണിനെയും വൈസ് ചെയർപേഴ്സനായി കെ.പി.സി.സി സെക്രട്ടറി ജെബി മേത്തറെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ചീഫ് വിപ്പായി ഷെമ്മി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു. 28ന് ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പിന്നീടാണ്. അതിന് മുമ്പായി വീണ്ടും പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ചെയർമാന്മാരെ നിശ്ചയിക്കും. 14 അംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ രണ്ട് പേർ മാത്രമാണ് ഐ പക്ഷത്ത് നിന്നുള്ളത്. അതിനാൽ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചേക്കാം. ചെയർമാനായി നിശ്ചയിക്കപ്പെട്ട എം.ഒ. ജോൺ നാലാം തവണയാണ് ആലുവ നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. 1988 മുതൽ 25 മാസം ചെയർമാനായി. പിന്നീട് 1995 മുതൽ 2005 വരെ ചെയർമാൻ സ്ഥാനത്ത് തുടർന്നു. 1979 മുതൽ 85 വരെ നഗരസഭ വൈസ് ചെയർമാനുമായിരുന്നു. ആലുവയിലെ എ ഗ്രൂപ്പിന്റെ അമരക്കാരനാണ് ജോൺ. എറണാകുളം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഐ ഗ്രൂപ്പ് കാലുവാരിയതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
വൈസ് ചെയർമാനായി നിശ്ചയിക്കപ്പെട്ട ജെബി മേത്തർ 22 -ാം വാർഡിൽ നിന്നുള്ള കൗൺസിലറാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറാകുന്നത്. കെ.പി.സി.സി സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനം രണ്ടാഴ്ച്ച മുമ്പാണ് രാജിവച്ചത്. കഴിഞ്ഞ കൗൺസിലിൽ പാർട്ടി ധാരണ പ്രകാരം ആദ്യ ഒരു വർഷത്തിന് ശേഷം ചെയർപേഴ്‌സൺ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യം കൂടി ഇക്കുറി പരിഗണിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം 23 -ാം വാർഡിൽ നിന്നുള്ള സൈജി ജോളിയുടെ പേരും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തികാട്ടിയിരുന്നെങ്കിലും പാർലമെന്ററി പാർട്ടിയിൽ ചർച്ചയായില്ല.