
കോലഞ്ചേരി: വില്പനയ്ക്കെത്തിക്കുന്ന പഴങ്ങളിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യ രഹസ്യങ്ങൾ ! പഴങ്ങൾ പരമ്പരാഗത രീതിയ കൃഷി ചെയ്തത്, ജൈവവളം മാത്രം ഉപയോഗിച്ച് വളർത്തിയവ, ജനതിക മാറ്റം വരുത്തിയ ഫലം എന്നിവയെല്ലാമാണ് ഇത്തിരി കുഞ്ഞൻ സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്നത്. മാർക്കറ്റിൽ എത്തുന്നവരിൽ ഭൂരിഭാഗം പോരും ഇത് ശ്രദ്ധിക്കാതെയാണ് പഴവർഗങ്ങൾ വാങ്ങി മടങ്ങുന്നത്. സ്റ്റിക്കറിൽ നാല് അക്കമാണ് ഉള്ളതെങ്കിൽ ഇവ പരമ്പരാഗത രീതിയിൽ വളർന്നത്തിയതാണ്. ജൈവ ഉത്പന്നങ്ങൾക്ക് എപ്പോഴും അഞ്ച് അക്ക നമ്പറുണ്ടായിരിക്കും. ഇത്തരം പഴവർഗങ്ങളുടെ ആദ്യ നമ്പർ എപ്പോഴും 9 ലായിരിക്കും തുടങ്ങുക. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾക്കും അഞ്ചക്ക നമ്പർ തന്നെയാണ്. പക്ഷെ അവയുടെ ആദ്യ നമ്പർ 8ലാണ് തുടങ്ങുക. പരമ്പരാഗതമായി വളരുന്ന വാഴപ്പഴത്തിനും നമ്പർ എല്ലായിടത്തും 4011 ആയിരിക്കും .ഇനി അതേ പഴം ഓർഗാനിക് ആണെങ്കിൽ 4011ന് പകരം 94011 ആയിരിക്കും.
വ്യാജനെ നല്ലതാക്കാൻ
മോശമായ പഴവർഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് ഗുണമേന്മയുള്ളതാക്കി വില്പന നടത്തുന്ന വ്യാപാരികളും സംസ്ഥാനത്തിന്റെ വിവിധ കോണുകളിലുണ്ട്. എന്നാൽ യഥാർത്ഥ സ്റ്റിക്കറുകൾ ഭക്ഷ്യ യോഗ്യമാണ്. പലപ്പോഴും നാം പഴങ്ങൾ വാങ്ങി അതിന്മേൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ അടർത്തിയെടുത്ത് അവിടെയുള്ള പശ നന്നായി കഴുകിക്കളയുകയാണ് പതിവ്. അതു തന്നെയാണ് നല്ലതും. എന്നാൽ അബദ്ധവശാൽ കഴിച്ചുപോയാൽ ഒട്ടും ഭയക്കാനില്ല. കാരണം അവ ഭക്ഷ്യയോഗ്യമായ കടലാസാണ്. അത് ഒട്ടിച്ചിരിക്കുന്ന പശയും പഴങ്ങളാൽ നിന്ന് നിർമ്മിക്കുന്നതാണത്രെ. കഴിവതും ഓർഗാനിക് ഫലങ്ങൾ മാത്രം വാങ്ങി കഴിയ്ക്കുകയെന്നതാണ് ആരോഗ്യത്തിന് നല്ലത്. കെമിക്കലുകൾ അടങ്ങിയവ ഗുണത്തേക്കാളേറെ ദോഷമാണ് ആരോഗ്യത്തിനു വരുത്തുക. ആരോഗ്യത്തിനു വേണ്ടി നാം കഴിയ്ക്കുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം തന്നെ ദോഷം വരുത്തുന്ന അവസ്ഥ ഒഴിവാക്കാൻ ഈ സ്റ്റിക്കറുകൾ സഹായിക്കും.