klm

കോതമംഗലം: മുൻ കായികതാരവും ജി.വി. രാജ അവാർഡ് ജേതാവും ബംഗളൂരു വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് സബ് ഇൻസ്‌പെക്ടറുമായ നെല്ലിമറ്റം സ്വദേശി വി.എ. ഇബ്രാഹിം( 52) നിര്യാതനായി. കൊവിഡ് ബാധിതനായി ഒക്ടോബർ 30ന് ബംഗളൂരുവിലെ രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നതാണ്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഒരു മാസത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലിരിക്കെയാണ് മരണം.

1981ൽ നടന്ന ഇന്ത്യൻ നാഷണൽ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ അണ്ടർ 19 തലത്തിൽ ദേശീയ റെക്കാഡ് തകർത്താണ് കായികശ്രദ്ധ ആകർഷിക്കുന്നത്. അതേവർഷം ജി.വി രാജ അവാർഡും ലഭിച്ചു. 1979ൽ നാഷണ.ൽ സ്‌കൂൾമീറ്റിൽ റെക്കാഡോടെ ഒന്നാം സ്ഥാനം, 1982ൽ സംസ്ഥാന ചാമ്പ്യൻ, 1990ൽ ആൾ ഇന്ത്യ സി.ഐ.എസ്.എഫ് ചാമ്പ്യൻ തുടങ്ങി നിരവധി കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, ധനുവച്ചപുരം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: റസീന. മക്കൾ: അമിയ, അഹൻ. സംസ്‌കാരം നടത്തി.