
കൊച്ചി : ഹാഥ്റാസിലേക്ക് പോയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിനെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെ മൂന്നു ദിവസം കൂടി റൗഫിനെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇൗ കാലാവധി കഴിഞ്ഞതോടെയാണ് ഇന്നലെ എറണാകുളത്തെ സി.ബി.ഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അവധിയിലായതിനാലാണ് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്. യു.പി.യിലെ ഹാഥ്റാസിൽ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ചുട്ടുകൊന്ന സംഭവത്തെത്തുടർന്ന് ഇവിടെ സന്ദർശനം നടത്താൻ യു.പി.യിലെത്തിയ കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീക്വർ റഹ്മാൻ, മാദ്ധ്യമ പ്രവർത്തകനും മലയാളിയുമായ സിദ്ധിഖ് കാപ്പൻ, മസൂദ് അഹമ്മദ്, ആലം എന്നിവരെ യു.പി പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പണം നൽകിയത് റൗഫ് ഷെരീഫാണെന്ന് കണ്ടെത്തിയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.