
പറവൂർ: പറവൂർ നഗരസഭയിൽ ആദ്യ രണ്ടര വർഷം വി.എ. പ്രഭാവതിയും പിന്നീടുള്ള രണ്ടര വർഷം ബീന ശശീധരനും ചെയർപേഴസണാകും. അഞ്ചു വർഷം വൈസ് ചെയർമാൻ എം.ജെ. രാജുവായിരിക്കും. പാർലമെന്ററി പാർട്ടി ലീഡറായി ഡി. രാജ് കുമാറിനെയും ചീഫ് വിപ്പായി സജി നമ്പ്യത്തിനെയും സെക്രട്ടറിയായി പി.ഡി. സുകുമാരിയേയും തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരുമാനം. പാർട്ടിയുടെ നിർദേശം വി.ഡി.സതീശൻ എം.എൽ.എ അറിയിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലനും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയുടെ നിർദേശത്തെ എല്ലാം കൗൺസിൽ അംഗങ്ങളും അംഗീകരിച്ചു. മൂന്നാം തവണ കൗൺസിലറാകുന്ന പ്രഭാവതി കഴിഞ്ഞ ഭരണസമിതിയിൽ പൊതുമാരമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. മഹിളാ കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റുകൂടിയാണ് പ്രഭാവതി. ബീന ശശീധരനും മൂന്നാം തവണയാണ് കൗൺസിലറായി എത്തുന്നത്. രണ്ട് ടേമിലും നഗരസഭയിൽ മറ്റു ഔദ്യോഗിക സ്ഥാനങ്ങൾ ബീനയ്ക്ക് ലഭിച്ചിരുന്നില്ല. നാലാം തവണയാണ് എം.ജെ. രാജു കൗൺസിലർ സ്ഥാനത്തെത്തുന്നത്. വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മാറ്റാരും അവകാശവാദം ഉന്നയിച്ചില്ല. നിലവിൽ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റും പറവൂർ വെസ്റ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാണ്. ബാങ്ക് പ്രസിഡന്റ് സ്ഥാനമോ, ബ്ളോക്ക് പ്രസിഡന്റു സ്ഥാനമോ രാജു ഒഴിഞ്ഞേക്കും. സ്ഥാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് മൂന്നു പേരെയാണ് പരിഗണിക്കുന്നത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ അനു വട്ടത്തറ, സജി നമ്പ്യത്ത്, ശ്യാമളാ ഗോവിന്ദൻ എന്നിവർക്കാണ് സാദ്ധ്യത.