ആലുവ: ഇന്ന് നടക്കുന്ന ആലുവ നഗരസഭ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ സ്ഥാനത്തേക്ക് മത്സരിക്കാൻ എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ യോഗം തീരുമാനിച്ചു.ഇടതു സ്വതന്ത്രൻ ഗെയിൽസ് ദേവസി പയ്യപ്പിള്ളിയാണ് എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി. മിനി ബൈജുവാണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സി.പി.എം ഏരിയ കമ്മിറ്റിയുടെ നിർദേശം ഇന്നലെ രാവിലെ നടന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം അംഗീകരിച്ചു. ശ്രീലത വിനോദ് കുമാറാണ് എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഗെയിൽസ് ദേവസി 2010 -15 കാലയളവിൽ കൗൺസിലറായിരുന്നു. 15ൽ പരാജയപ്പെട്ടു. മിനി ബൈജു രണ്ടാം വട്ടമാണ് കൗൺസിലറാകുന്നത്. ശ്രീലത വിനോദ് കുമാർ പഴയ ജില്ലാ കൗൺസിൽ മെമ്പറായിരുന്നു. രണ്ട് വനിതകളും സി.പി.എം അംഗങ്ങളാണ്. ശ്രീലത നേരത്തെ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു.എൻ.ഡി.എയുടെ ചെയർപേഴ്സൺ സ്ഥാനാർത്ഥി പി.എസ്. പ്രീത 11 -ാം വാർഡിൽ നിന്നും അട്ടിമറി വിജയം നേടിയാണ് കൗൺസിലിൽ എത്തിയത്. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്. ശ്രീലത രാധാകൃഷ്ണനാണ് വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥി. ഇന്നലെ രാവിലെ നടന്ന ബി.ജെ.പി മുനിസിപ്പൽ കോർ കമ്മിറ്റി തീരുമാനം വൈകിട്ട് പാർലമെന്ററി പാർട്ടി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പാർട്ടി ഭാരവാഹിയെന്ന നിലയിൽ എൻ.ഡി.എ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനവും പി.എസ്. പ്രീതക്ക് ലഭിച്ചേക്കും. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ്കുമാർ, പി. ഹരിദാസ്, സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.26 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് ഏഴും എൻ.ഡി.എക്ക് നാല് അംഗങ്ങളുമാണുള്ളത്. 14 സീറ്റുള്ള കോൺഗ്രസിന് കേവല ഭൂരിപക്ഷമുണ്ട്. ഒരാൾ ജനകീയ മുന്നണിയുടെ ബാനറിലുള്ള സ്വതന്ത്രയാണ്. ഇവർ നിക്ഷപക്ഷത പാലിക്കാനാണ് സാദ്ധ്യത. അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ ചെയർമാനായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എം.ഒ. ജോണും വൈസ് ചെയർപേഴ്‌സനായി കെ.പി.സി.സി സെക്രട്ടറി ജെബി മേത്തറും തിരഞ്ഞെടുക്കപ്പെടും. ഇരുവരെയും അഞ്ച് വർഷത്തേക്കാണ് പാർട്ടി നിയോഗിച്ചിട്ടുള്ളത്.